ലൈംഗിക താത്പര്യത്തിന് അടിസ്ഥാനം ഡോപ്പമിൻ എന്ന ഹോർമോണാണ്. തന്റെ ഇണയുടെ ഗന്ധമോ സ്പർശമോ വളരെയടുത്ത്, അനുയോജ്യമായ വേളയിൽ ലഭിക്കുമ്പോഴാണ് മനുഷ്യനിൽ ലൈംഗിക തൃഷ്ണ ഉടലെടുക്കുന്നതും ലൈംഗിക ബന്ധത്തിന് ആഗ്രഹം തോന്നുന്നതും. സ്ത്രീകളിൽ യോനീനനവിനും പുരുഷന്മാരിൽ ഉദ്ധാരണം ഉണ്ടാകാനുമുള്ള കാരണങ്ങളിൽ ഒന്ന് ഈ ഹോർമോണാണ്. ചുരുക്കത്തിൽ ഡോപ്പമിൻ ഇല്ലാതെ ലൈംഗിക ബന്ധം അസാദ്ധ്യമെന്ന് തന്നെ പറയാം. ഇവിടെയാണ് അശ്ലീല വിഡിയോകളും മറ്റും വില്ലത്തരം കാട്ടുന്നത്.
അശ്ലീല വീഡിയോ കാണുമ്പോൾ അത് കാണുന്നയാളിൽ സാധാരണയിൽ കവിഞ്ഞ അളവിലാണ് ഡോപ്പമിൻ ഉത്പാദിക്കപ്പെടുന്നത്. അതായത്, തന്റെ ലൈംഗിക പങ്കാളിയുടെ സാമീപ്യം കൊണ്ട് ഉണ്ടാകുന്നതിനേക്കാൾ കൂടുതൽ ഡോപ്പമിൻ അശ്ലീല വീഡിയോ കാണുമ്പോൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടും. ഇതുകാരണം കാഴ്ച്ചക്കാരന്/ക്കാരിക്ക് അധിക സുഖം ലഭിക്കുകയും ചെയ്യും. എന്നാൽ ഈ സുഖം യഥാർത്ഥമല്ല. വീഡിയോയിലെ അയഥാർത്ഥ സീനുകളും മറ്റും നൽകുന്ന താത്കാലിക സുഖം മാത്രമാണിതെന്ന് പലരും മനസിലാക്കാറില്ലെന്നതാണ് സത്യം.
അശ്ലീല വീഡിയോകളും, ഫോട്ടോകളും, സാഹിത്യവും ഇന്റർനെറ്റിൽ തിരഞ്ഞ് അവ കണ്ടും വായിച്ചും ലൈംഗിക സംതൃപ്തി വരുത്തുന്നവർ ഗുരുതര പ്രശ്നങ്ങളാണ് ക്ഷണിച്ച് വരുത്തുന്നതെന്നാണ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഒരുസംഘം ഗവേഷകർ പറയുന്നത്. ലൈംഗിക സുഖത്തിനായി ഇന്റർനെറ്റിൽ തപ്പുന്നവർക്ക് മയക്കുമരുന്നിന് അടിമകളായ വ്യക്തികളുമായി ഏറെ സാമ്യമുണ്ടെന്നും അത് അഡിക്ഷൻ തന്നെയാണെന്നും ഗവേഷകർ പറയുന്നു. മാത്രമല്ല, ഇത്തരം പ്രവർത്തികൾ ശീലമാക്കിയവരുടെ ദാമ്പത്യ ജീവിതത്തിൽ ഗുരുതര പ്രശ്നങ്ങളാണ് ഉടലെടുക്കുക എന്നും ഇവർ തങ്ങളുടെ ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ ചൂണ്ടിക്കാട്ടുന്നു.
Post Your Comments