ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു യാദവിന്റെ മരുമകളായ ഐശ്വര്യ റായ് സ്ത്രീധന പീഡനത്തിന് ലാലുവിന്റെ റാബ്റി ദേവി, മകന്‍ തേജ്പ്രതാപ് യാദവ്, സഹോദരി മിസ ഭാരതി എന്നിവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പട്നയിലെ സച്ചിവാലയ പോലീസ് സ്റ്റേഷനിലാണ് ഐശ്വര്യ പരാതി നല്‍കിയത്.
ഡിസംബർ 15 ന് പട്ന സർവകലാശാലയിൽ തന്റെ പിതാവ് ചന്ദ്രിക റായിയെക്കുറിച്ച് തേജ് പ്രതാപ് അപകീർത്തികരമായ പോസ്റ്ററുകൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് അമ്മായിയമ്മ റാബ്റി ദേവിയുമായി സംസാരിക്കാന്‍ പോയിരുന്നതായി ഐശ്വര്യ എഫ്.ഐ.ആറില്‍ പറയുന്നു.
തന്റെ പിതാവിനെക്കുറിച്ചുള്ള സംഭവത്തെക്കുറിച്ച് റാബ്റി ദേവിയോട് പറഞ്ഞപ്പോൾ, അവര്‍ പിതാവിനെ അധിക്ഷേപിക്കാൻ തുടങ്ങി, സ്ത്രീധനത്തിന് പരിഹസിക്കാൻ തുടങ്ങി എന്നും ഐശ്വര്യ പറഞ്ഞു. പണം കൊണ്ടുവരാതെ വീട്ടിൽ താമസിക്കാൻ അനുവദിക്കില്ലെന്ന് അമ്മായിയമ്മ പറഞ്ഞതായും അവർ ആരോപിച്ചു.
വനിതാ സുരക്ഷാ ഗാർഡുകളുടെ സഹായത്തോടെ റാബ്റി ദേവി തന്നെ മുടിയിഴകളില്‍ പിടിച്ചു വലിച്ചിഴച്ച് പുറത്താക്കി ഗേറ്റ് പൂട്ടിയതായും ഐശ്വര്യ ആരോപിച്ചു.
തുടക്കം മുതൽ തന്നെ അമ്മായിയമ്മ, ഭർത്താവ് തേജ് പ്രതാപ്, സഹോദരി മിസ ഭാരതി എന്നിവര്‍ സ്ത്രീധനത്തിന് ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.
തന്റെ പിതാവ് മരുമകന് സ്ത്രീധനമായി കുറഞ്ഞത് ഒരു കാറെങ്കിലും നല്‍കണമായിരുന്നു എന്ന് പറഞ്ഞാണ് അവര്‍ തന്നെ പീഡിപ്പിച്ചിരുന്നതെന്നും ഐശ്വര്യ ആരോപിക്കുന്നു.
ഗാർഹിക പീഡന നിയമം 2005 ലെ വകുപ്പ് 26 പ്രകാരം താന്‍ ഇതിനകം കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇത് കോടതിയില്‍ തീർപ്പുകൽപ്പിക്കാതെ കിടക്കുകയാണ്. 2019 ജൂൺ മുതൽ തനിക്ക് ഭക്ഷണം നല്‍കിയിരുന്നില്ല. തന്റെ പിതാവാണ് ഭക്ഷണം എത്തിച്ചിരുന്നത്. തന്റെ വസ്തുവകകള്‍ എടുക്കാന്‍ അനുവദിക്കാതെ തന്നെ വീട്ടില്‍ നിന്ന് പുറത്താക്കിയതായും ഐശ്വര്യ പറഞ്ഞു.
Post Your Comments