തിരുവനന്തപുരം: തലസ്ഥാന നഗരത്തിലും അനുബന്ധ പ്രദേശങ്ങളിലും വൈദ്യുത തടസ്സമുണ്ടായാൽ മിനിട്ടുകൾക്കുള്ളിൽ തടസ്സമുണ്ടായ സ്ഥലം തിരിച്ചറിഞ്ഞ് പരിഹാരം കാണാനായി വൈദ്യുത ഭവനിൽ സ്‌കാഡ ഡിസ്ട്രിബ്യൂഷൻ കൺട്രോൾ സെന്റർ പ്രവർത്തനമാരംഭിച്ചു. കൺട്രോൾ സെന്ററിന്റെ ഉദ്ഘാടനം വൈദ്യുത മന്ത്രി എം.എം.മണി നിർവഹിച്ചു. കേരളത്തിലെ വൈദ്യുതരംഗം ആധുനീകരിക്കാനും വിതരണ ശൃംഖല ശക്തിപ്പെടുത്താനുമുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് മന്ത്രി പറഞ്ഞു. ഭക്ഷണം, ശുദ്ധജലം എന്നിവപോലെ പ്രാധാന്യമുള്ളതായി ഇന്ന് ഊർജ്ജവും മാറിയിരിക്കുന്നു. സാമൂഹിക വികാസത്തിന് ഊർജ്ജം അത്യന്താപേക്ഷിതമാണ്. അധ്വാനം കുറച്ച് വൈദ്യുത തടസ്സം പരിഹരിക്കുന്നതിനാണ് ഇത്തരം പുതിയ സംരംഭങ്ങളിലൂടെ ലക്ഷ്യമിടുന്നത്. വൈദ്യുതി രംഗത്ത് പരിഷ്‌കരണം മാത്രമല്ല പുതിയ ഊർജ്ജോല്പാദന മാർഗ്ഗങ്ങൾ അവലംബിക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്. സോളാറിലൂടെ ആയിരം മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നു. ലോഡ്‌ഷെഡിങ് ഒഴിവാക്കാനും വൈദ്യുതി തടസ്സം വേഗം പരിഹരിക്കാനും സർക്കാരിന്റെ പ്രവർത്തനങ്ങൾക്കായെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read also: കറന്റ് ചാർജ് അടക്കാൻ പണമില്ലാത്തതിനാൽ ഇരുട്ടിലകപ്പെട്ടുപോയ ഒരമ്മയ്ക്ക് സഹായവുമായി കേരള പോലീസ്
കൺട്രോൾ റൂമിലിരുന്ന് വൈദ്യുതി തടസ്സമുണ്ടായ പ്രദേശം തിരിച്ചറിയാനാകും. 14 സബ്‌സ്റ്റേഷനുകളെയാണ് ഇത്തരത്തിൽ ബന്ധിപ്പിച്ചിരിക്കുന്നത്. ഓരോ സബ്‌സ്റ്റേഷനുകീഴിലെ പ്രദേശങ്ങളിലെ സ്ഥിതി തത്സമയം കാണാനാകും. മാപ്പിംഗ് സംവിധാനത്തിലൂടെയാണ് പ്രവർത്തനം. കേന്ദ്രസർക്കാരിന്റെ ഐ.പി.ഡി.എസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം. വൈദ്യുതി ഭവനിൽ സ്ഥാപിച്ച 33 കെ.വി സബ്‌സ്റ്റേഷനും മന്ത്രി ഉദ്ഘാടനം ചെയ്തു. 12.5 സെന്റ് സ്ഥലത്താണ് ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള കണ്ടെയ്‌നർ സബ്‌സ്റ്റേഷൻ സ്ഥാപിച്ചത്. ഇത് പ്രവർത്തനക്ഷമമാകുന്നതോടെ നഗരത്തിൽ തടസ്സം കൂടാതെ വൈദ്യുതി എത്തിക്കാനുമാകും.
Post Your Comments