ന്യൂഡൽഹി: ആസാമിൽ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം അയയുന്നു.
രണ്ടുയുവാക്കളുടെ മരണത്തിനിടയാക്കിയ പോലീസ് വെടിവെപ്പിനും അക്രമാസക്തമായ പ്രതിഷേധങ്ങൾക്കും സാക്ഷ്യംവഹിച്ച അസമിലെ അന്തരീക്ഷം വെള്ളിയാഴ്ച താരതമ്യേന സമാധാനപൂർണമായിരുന്നു. തലസ്ഥാനമായ ഗുവാഹാട്ടിയിൽ മാത്രമാണ് ഭേദഗതിചെയ്ത പൗരത്വ നിയമത്തിനെതിരേ വെള്ളിയാഴ്ച വലിയരീതിയിലുള്ള പ്രതിഷേധങ്ങളുണ്ടായത്.
അസമിലും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കാര്യമായ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. കർഫ്യൂ തുടരുന്ന ഗുവാഹാട്ടിയിൽ ശുദ്ധജലത്തിനും ഭക്ഷണത്തിനും ക്ഷാമമുണ്ട്. റെയിൽവേസ്റ്റേഷനുകളിലും മറ്റും കുടുങ്ങിയവർക്ക് ഭക്ഷണവും വെള്ളവും എത്തിക്കാനും ബസ് സർവീസുകളേർപ്പെടുത്താനും സംവിധാനമൊരുക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കർഫ്യൂ പിൻവലിച്ചെന്ന വാർത്ത പ്രചരിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച ഒട്ടേറെപ്പേർ വീടുവിട്ട് പുറത്തിറങ്ങി. പിന്നാലെ കർഫ്യൂ തുടരുമെന്ന വിശദീകരണവുമായി ജില്ലാഭരണകൂടമെത്തി. ഈ വിവരമറിയാതെ തുറന്ന കടകളിൽ പച്ചക്കറികളും അവശ്യസാധനങ്ങളും വാങ്ങിസൂക്ഷിക്കാനെത്തിയവരുടെ തിരക്കനുഭവപ്പെട്ടു.
സമാധാനപരമായ പ്രതിഷേധമുറ വിദ്യാർഥിസംഘടനകളും കലാകാരന്മാരുമുൾപ്പെടെയുള്ളവരും സ്വീകരിച്ചപ്പോൾ, ഇരുട്ടിന്റെ മറവിൽ വാഹനങ്ങളും മറ്റും കത്തിക്കുന്ന രഹസ്യ സംഘങ്ങളും അസമിൽ വ്യാപകമായിരുന്നു. അക്രമങ്ങൾക്കുപിന്നിലുള്ളവർക്ക് കടുത്തശിക്ഷ നൽകുമെന്ന് മുഖ്യമന്ത്രി സർബാനന്ദ് സോനോവാൾ പ്രഖ്യാപിച്ചു.
Post Your Comments