തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മജിസ്ട്രേറ്റ് ദീപ മോഹനെ പൂട്ടിയിട്ട സംഭവത്തില്‍ കേസ് ഒത്ത് തീര്‍പ്പിലേക്ക്. കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യം ഇല്ലെന്നും കേസ് പിന്‍ വലിക്കുകയാണെന്ന് മജിസ്ട്രേറ്റ് പോലീസിന് മൊഴി നല്‍കി. കഴിഞ്ഞ നവംബര്‍ 27 ന് ആയിരുന്നു കെ.പി.ജയന്റെ നേതൃത്വത്തിലുള്ള ഭാരവഹികള്‍ മജിസ്ട്രേറ്റിനെ ചേംബറില്‍ പൂട്ടിയിട്ടത്. സംഭവങ്ങളെത്തുടര്‍ന്ന അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. തുടര്‍ന്ന് മജിസ്്രേടറ്റിനെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചെങ്കിലും ചീഫ് ജസ്റ്റിസിന്റെയും ബാര്‍കൗണ്‍സിലറിന്റെയും ഇടപെടല്‍മൂലം അഭിഭാഷകര്‍ പിന്‍മാറിയിരുന്നു.
മജിസ്ട്രേറ്റ് നല്‍കിയ കേസ് പിന്‍വലിക്കണമെന്ന അഭിഭാഷകരുടെ ആവശ്യം നേരത്തെ തന്നെ ഹൈക്കോടതിയും മജിസ്ട്രേറ്റും തള്ളിയിരുന്നു. മജിസ്ട്രേറ്റിനെതിരെ നടപടി വേണമെന്ന ആവശ്യവും ചീഫ്ജസ്റ്റിസ് തള്ളിയിരുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ബാര്‍കൗണ്‍സില്‍ മാപ്പ് പറയുകയും ചെയ്തോടെയാണ് മജിസ്ട്രേറ്റ് ദീപ മോഹന്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ബസിടിച്ച് പരിക്ക് പറ്റിയ ഒരു സ്ത്രീയുടെ കേസ് പരിഗണിക്കവെയായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം. കേസിന്റെ വിസ്താരം നടക്കുന്നതിനിടയില്‍ കോടതിയിലെത്തിയ സ്ത്രീ ഡ്രൈവര്‍ താന്‍ കോടതിയില്‍ എത്തരുതെന്ന് ഭീഷണിപ്പെടുത്തിയതായി മൊഴി നല്‍കി. ഇതേത്തുടര്‍ന്ന് മജിസ്ട്രേറ്റ് ഡ്രൈവറുടെ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നു. പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ മജിസ്ട്രറ്റിന് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകര്‍ പ്രതിഷേധവുമായി രംഗത്ത് വരികയും മജിസ്ട്രേറ്റിനെ ചേംബറില്‍ പൂട്ടിയിടുകയും ചെയ്തത്.
Post Your Comments