കോഴിക്കോട്: കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളിയ്ക്ക് വേണ്ടി അഡ്വ. ബി എ ആളൂര്‍ ഹാജരായി. കൂടെ ആളൂര്‍ അസോസിയേഷനിലെ പത്തോളം അഭിഭാഷകരും. താമരശ്ശേരി കോടതി പരിസരത്ത് സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയിലെ കരിമ്പൂച്ചകളുടെ അകമ്പടിയിലാണ് ആളൂര്‍ വന്നിറങ്ങിയത്. ഗോവിന്ദച്ഛാമിക്ക് വേണ്ടി ഹാജരായ അഭിഭാഷകന് വേണ്ടെന്ന് ജോളി പറഞ്ഞതായ പ്രചാരണം ഒരു മാധ്യമ പ്രവര്‍ത്തകനും ഒരു പോലീസ് ഉദ്യോഗസ്ഥനും ചേര്‍ന്ന് പടച്ചുണ്ടാക്കിയതാണെന്നുമായിരുന്നു ആളൂരിന്റെ പ്രതികരണം.
കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രോസിക്യൂഷന് ശേഖരിച്ച തെളിവുകള്‍ ദുര്‍ബലമെന്ന് കോടതിയില്‍ അഡ്വ. ബി ആര് ആളൂര്‍ വാദിച്ചു. പ്രതിക്കെതിരെയുള്ളത് ആരോപണങ്ങള്‍ മാത്രമാണെന്നും ഇതിലും വലിയ കൂട്ട കൊലപാതകങ്ങള്‍ ചെയ്തവര്‍ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും ജോളിയുടെ ജാമ്യാപേക്ഷയിലുള്ള വാദത്തിനിടെ ആളൂര്‍ കോടതിയില്‍ പറഞ്ഞു.
ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിലാണ് ആളൂര്‍ അസ്സോസിയേറ്റ്സിന് ജോളി വക്കാലത്ത് നല്‍കിയിരുന്നത്. റോയ് തോമസ് കേസില്‍ റിമാൻഡ് കാലാവധി കഴിയുന്നതിനാല്‍ വെള്ളിയാഴ്ച രാവിലെ ജോളിയെ കോടതിയില്‍ എത്തിച്ചിരുന്നു. ജോളിയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ച്ചത്തേക്ക് മാറ്റി.
എന്നാല്‍ രണ്ടാമത്തെ കേസില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് അഭിഭാഷകര്‍ ഇല്ലെന്ന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് ജോളിക്ക് സൗജന്യ നിയമ സഹായത്തിന് അഭിഭാഷകനെ നിയോഗിച്ചിരുന്നു. ജോളിയെ തെറ്റിദ്ധരിപ്പിച്ചാണ് വക്കാലത്ത് ഒപ്പിടീപ്പിച്ചതെന്ന ആരോപണവുമായി താമരശ്ശേരി ബാര്‍ അസ്സോസിയേഷന് രംഗത്തെത്തിയിരുന്നുവെങ്കിലും റോയ്തോമസ് വധക്കേസില്‍ ആളൂര്‍ അസോസിയേറ്റ്സ് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും വാദത്തിനായി ബി എ ആളൂര്‍ എന്ന ബിജു ആന്റണി നേരിട്ട് കോടതിയില്‍ ഹാജരാകുകയായിരുന്നു.
ആളൂര്‍ അസോസിയേറ്റ്സിനെ വെച്ചുകൊണ്ട് മുന്നോട്ടുപോവാനാണ് താല്പര്യമെന്ന് കാട്ടി ജോളി മജിസ്ട്രേറ്റിന് കത്തയച്ചിട്ടുണ്ടെന്നും ആളൂര്‍ അവകാശപ്പെട്ടു. കാര്യമായ മാധ്യമ ശ്രദ്ധ കിട്ടിയില്ലെന്ന് ജൂനിയേഴ്സിനോട് സൂചിപ്പിക്കാനും ആളൂര്‍ മറന്നില്ലയെന്നാണ് അദേഹവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.
Post Your Comments