ന്യൂഡല്‍ഹി: തെലങ്കാനയില്‍ വനിതാ വെറ്റിറനറി ഡോക്‌ടറെ ബലാത്സംഗം ചെയ്‌തുകൊന്ന കേസിലെ നാലു പ്രതികള്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവം സുപ്രീം കോടതി മുന്‍ ജഡ്‌ജി വി.എസ്. സിര്‍പുര്‍കര്‍ അധ്യക്ഷനായ മൂന്നംഗ സമിതി അന്വേഷിക്കും. ആറു മാസത്തിനുള്ളില്‍ സമിതി അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സുപ്രീം കോടതിക്കു സമര്‍പ്പിക്കണം. ഹൈദരാബാദില്‍ സമിതിക്ക് ഓഫീസും അനുബന്ധ സംഗതികളും സംസ്‌ഥാന സര്‍ക്കാര്‍ അനുവദിക്കണം.
സമിതിയുടെ അന്വേഷണം പൂര്‍ത്തിയാകുംവരെ മറ്റ് കോടതികളോ ഏജന്‍സികളോ സംഭവം സംബന്ധിച്ച് അന്വേഷണം നടത്താന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യവസ്‌ഥയുണ്ട്.ബോംബെ ഹൈക്കോടതി ജഡ്‌ജി രേഖാ ബല്‍ദോത, സി.ബി.ഐ. മുന്‍ ഡയറക്‌ടര്‍ കാര്‍ത്തികേയന്‍ എന്നിവരാണ് ജൂഡീഷ്യല്‍ അന്വേഷണ സമിതിയിലെ മറ്റംഗങ്ങള്‍. തെലങ്കാന ഹൈക്കോടതിലെ ഈ കേസ് സംബന്ധിച്ച നടപടിക്രമങ്ങളും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നടത്തുന്ന അന്വേഷണവും സുപ്രീം കോടതിയുടെ ഉത്തരവോടെ സ്‌തംഭിക്കും.
ജനങ്ങള്‍ക്ക് സത്യമറിയാനുള്ള അവകാശമുണ്ട്. അതുകൊണ്ടുതന്നെ അന്വേഷണം അനിവാര്യമാണെന്നു ചീഫ് ജസ്‌റ്റിസ് ബോബ്‌ഡെ അഭിപ്രായപ്പെട്ടു.ഏറ്റുമുട്ടല്‍ കൊലപാതകത്തിനെതിരേ അഭിഭാഷകരായ ജി.എസ്. മണി, പ്രദീപ് കുമാര്‍ യാദവ് എന്നിവര്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്‌റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.കേസ് സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷനും സംഭവത്തില്‍ സ്വമേധയാ അന്വേഷണം നടത്തുന്നുണ്ട്.
സംഭവം സംബന്ധിച്ച് സ്വതന്ത്രമായ ഒരന്വേഷണത്തിന് സംസ്‌ഥാന സര്‍ക്കാര്‍ എതിരല്ലെന്നും തെലുങ്കാന സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രഹ്‌തോഗി കോടതിയെ ബോധിപ്പിച്ചു. ഈ മാസം ആറിനാണു പീഡനക്കേസിലെ പ്രതികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
Post Your Comments