കൊല്ലം: പത്തനാപുരത്തു നിന്നു കാണാതായ ബിരുദ വിദ്യാര്‍ഥിയുടെ തിരോധാനത്തില്‍ ദുരൂഹത. പത്തനാപുരം പിറവന്തൂര്‍ ചീവോട് പുല്‍ചാണിമുക്ക് മുബാറക്ക് മന്‍സിലില്‍ നൗഫല്‍ നസീറി(19)നെയാണ് കാണാതായത്. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ സമര്‍ഥനായിരുന്ന നൗഫലിനെ കഴിഞ്ഞ മാസം 26 മുതല്‍ കാണാനില്ലെന്നു കാട്ടി മാതാപിതാക്കളാണ് പൊലിസില്‍ പരാതി നല്‍കിയത്. പുനലൂര്‍ പൊലിസ് ആണ് കേസ് അന്വേഷിക്കുന്നത്. ഇതുവരെ ഒരുവിവരവും ലഭിച്ചിട്ടില്ല. കൊല്ലം ഫാത്തിമ മാതാ കോളജിലെ ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്ന നൗഫലിന്റെ അയല്‍വാസികളില്‍ ചിലരെ പൊലിസ് ചോദ്യം ചെയ്തതോടെയാണ് നാടുവിട്ടതായുള്ള സൂചന ലഭിച്ചത്.
വിദേശത്തു പഠിച്ചുകൊണ്ടിരുന്ന യുവാവുമായി വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി നൗഫല്‍ സൗഹൃദത്തിലായിരുന്നെന്ന് മാതാവ് ഷാജിത പൊലിസിനോട് പറഞ്ഞു. ഇതോടെയാണ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കു വ്യാപിപ്പിച്ചത്.ഇറ്റലിയില്‍ എം.ബി.ബി.എസിന് പഠിക്കുന്ന ഇരിങ്ങാലക്കുട സ്വദേശിയായ വിദ്യാര്‍ഥിയോടൊപ്പമാണ് നൗഫല്‍ നാടുവിട്ടതെന്നാണ് പൊലിസിന് ലഭിച്ച വിവരം. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാതെ ഈ യുവാവ് അടുത്തിടെയാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് എന്‍ട്രന്‍സ് പരിശീലനത്തിന് പോവുകയായിരുന്നു.
വിദേശത്ത് എം.ബി.എ പഠനം ലഭ്യമാക്കാമെന്ന് ഇയാള്‍ നൗഫലിനെ വ്യാമോഹിപ്പിച്ചിരുന്നതായും മാതാവ് പറയുന്നു. 26ന് രാവിലെ കോളജില്‍ പോകുന്നുവെന്ന് പറഞ്ഞാണു വീട്ടില്‍ നിന്നിറങ്ങിയത്. വൈകിയും തിരികെയെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം ആരംഭിച്ചു. 26ന് ഉച്ചയ്ക്ക് എറണാകുളത്തുനിന്ന് ഇരിങ്ങാലക്കുട സ്വദേശിയായ യുവാവിനൊപ്പം നൗഫല്‍ മംഗള എക്‌സ്പ്രസില്‍ കയറിയതായി റെയില്‍വേ സ്‌റ്റേഷനിലെ സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്നു കണ്ടെത്തിയിരുന്നു.
അന്നേദിവസം വൈകിട്ട് 4.15ന് പട്ടാമ്പിയിലാണ് അവസാനം നൗഫലിന്റെ ഫോണ്‍ ലൊക്കേറ്റ് ചെയ്തിരുന്നത്.വിദേശത്തേക്ക് കടന്നിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ടെങ്കിലും നൗഫല്‍ പാസ്‌പോര്‍ട്ട് എടുത്തതായി വീട്ടുകാര്‍ക്ക് അറിവില്ല. പൊലിസ് വ്യക്തമായി പറയുന്നില്ലെങ്കിലും യുവാവിന്റെ തിരോധാനത്തില്‍ ഐഎസ് ബന്ധം സംശയിക്കുന്നതായും സൂചനയുണ്ട്. ബ്രെവ് ഇന്ത്യ ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Post Your Comments