KeralaLatest NewsIndia

വണ്ടിയിടിച്ച്‌ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഡ്രൈവർ വഴിയില്‍ ഇറക്കിവിട്ടു ; കുട്ടിക്ക് ദാരുണാന്ത്യം

ബാഗ് വീട്ടില്‍ വച്ച ശേഷം സമീപത്തു കളിക്കുകയായിരുന്ന കൂട്ടുകാരുടെ അടുത്തേക്കു പോകാന്‍ റോഡരികില്‍ നില്‍ക്കുമ്പോഴാണ് അപകടം ഉണ്ടായത്.

പാലക്കാട് : കാറിടിച്ച്‌ പരിക്കേറ്റ് സ്‌കൂള്‍ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ വണ്ടിയില്‍ നിന്ന് ഇറക്കിവിട്ടു. മറ്റൊരു വാഹനത്തില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പാലക്കാട് ചിറ്റൂരില്‍ നല്ലേപ്പിള്ളി കുറുമന്ദാംപള്ളം സുദേവന്റെ മകന്‍ സുജിത് (12) ആണു മരിച്ചത്.ഇടിച്ച വണ്ടിയുടെ ഡ്രൈവര്‍ തന്നെയാണ് ആശുപത്രിയില്‍ കൊണ്ടുപോകാമെന്നു പറഞ്ഞ ശേഷം ഇറക്കിവിട്ടതെന്നാണ് സൂചന. അപ്പുപ്പിള്ളയൂര്‍ എയുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ സുജിത് ക്ലാസ് കഴിഞ്ഞ ശേഷം, ഇരട്ടക്കുളത്തെ തറവാട്ടില്‍ മുത്തശ്ശന്റെ ചരമവാര്‍ഷികച്ചടങ്ങുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു.

ബാഗ് വീട്ടില്‍ വച്ച ശേഷം സമീപത്തു കളിക്കുകയായിരുന്ന കൂട്ടുകാരുടെ അടുത്തേക്കു പോകാന്‍ റോഡരികില്‍ നില്‍ക്കുമ്പോഴാണ് അപകടം ഉണ്ടായത്. ഇന്നലെ വൈകിട്ടു നാലരയോടെ കൈതക്കുഴിക്ക് സമീപം റോഡരികില്‍ നില്‍ക്കുകയായിരുന്ന സുജിത്തിനെ കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. റോഡിലേക്കു തെറിച്ചുവീണ കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ഇടയ്ക്കു വച്ചു ടയര്‍ പഞ്ചറായെന്നു പറഞ്ഞ് ഇറക്കി വിട്ടു. തുടര്‍ന്ന് കാര്‍ യാത്രക്കാര്‍ സ്ഥലംവിട്ടുവെന്ന് പരിക്കേറ്റ സുജിത്തിനൊപ്പം പോയ പരമന്‍ എന്നയാള്‍ പറഞ്ഞു.ആറ് കിലോമീറ്റര്‍ അകലെയുള്ള നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാന്‍ പറഞ്ഞതെങ്കിലും ചെവിക്കൊള്ളാതെ ഡ്രൈവര്‍ പാലക്കാട് ഭാഗത്തേക്കാണ് പോയതെന്നു പരമന്‍ പറഞ്ഞു.

എന്നാല്‍, അരകിലോമീറ്റര്‍ മുന്നോട്ടു പോയപ്പോള്‍ ടയര്‍ പഞ്ചറായെന്നും, ഇറങ്ങി മറ്റൊരു വാഹനത്തില്‍ ആശുപത്രിയിലെത്തിക്കാനും ഡ്രൈവര്‍ പറഞ്ഞു. പെട്ടെന്ന് ഇറങ്ങി എതിരെ വന്ന വാന്‍ കൈകാണിച്ചു നിര്‍ത്തി നാട്ടുകല്ലിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് പരമന്‍ പറഞ്ഞു.മലപ്പുറം റജിസ്‌ട്രേഷനിലുള്ള കാറാണ് ഇടിച്ചതെന്നും നമ്പര്‍ കിട്ടിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കുട്ടിയെ ഇടിച്ച കാറിലെ യാത്രക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ടയര്‍ പഞ്ചറായതുകൊണ്ടാണ് വഴിയില്‍ ഇറക്കിയതെന്ന് അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button