വിവാദമായ പൗരത്വ ബില്ല് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയതിന് പിന്നാലെ നിയമ പോരാട്ടത്തിന് വഴിതുറക്കുന്നു. ആദ്യമായി വിഷയത്തില്‍ കോടതിയിലെത്തുന്നത് മുസ്ലിം ലീഗാണ്. മുസ്ലിം ലീഗിന്റെ നാല് എംപിമാര്‍ സുപ്രീംകോടതിയില്‍ നേരിട്ടെത്തി റിട്ട് ഹര്‍ജി സമര്‍പ്പിച്ചു. ഭരണഘടനയുടെ 14ാം വകുപ്പിന്റെ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് മുസ്ലിം ലീഗ് പറയുന്നു.
പൗരത്വം മതം അടിസ്ഥാനമാക്കി നല്‍കുന്നത് വിലക്കുന്ന വകുപ്പാണിത്. മുസ്ലിങ്ങളല്ലാത്ത ആറ് മതത്തില്‍പ്പെട്ടവര്‍ക്കാണ് പുതിയ പൗരത്വ ഭേദഗതി ബില്ല് വഴി ഇന്ത്യന്‍ പൗരത്വം ലഭിക്കുക. അഫ്ഗാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നെത്തിയ അഭയാര്‍ഥികള്‍ക്കാണ് പൗരത്വം.
പാര്‍ലമെന്റിലെ ഇരുസഭകളിലും രാഷ്ട്രീയമായി പരാജയപ്പെട്ട പ്രതിപക്ഷം ഇനി നിയമ വഴി തേടുകയാണ്. സുപ്രീം കോടതിയെ സമീപിച്ച് ബില്ലിനെതിരെ പോരാട്ടം തുടരാന്‍ തന്നെയാണ് പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. ഹര്‍ജി യുമായി രംഗത്തെത്തിയത് മുസ്ലിംലീഗ് ആയത് പ്രതിപക്ഷ നിരയുടെ ഐക്യത്തില്‍ വിള്ളല്‍ ഉണ്ടാകാനുള്ള സാധ്യത യും കൂട്ടുന്നു.
പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായതിനെ തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ശക്തമാകുന്നു. അസമിലും ത്രിപുരയിലും പ്രക്ഷോഭവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി. അസമിലെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് പ്രക്ഷോഭകാരികള്‍ തീയിട്ടു. ഇരു സംസ്ഥാനങ്ങളിലും നൂറുകണക്കിന് വാഹനങ്ങള്‍ക്കും തീയിട്ടു. ദേശീയ, സംസ്ഥാന പാതകള്‍ പ്രക്ഷോഭകാരികള്‍ തടഞ്ഞു. പ്രതിഷേധങ്ങളെ തുടര്‍ന്ന് ആസാമിലും ത്രിപുരയിലും നടത്താനിരുന്ന രഞ്ജി ട്രോഫി മത്സരങ്ങളും റദ്ദാക്കി.
അസമിലും ത്രിപുരയിലും ചില ജില്ലകളില്‍ അനിശ്ചിത കാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അസമില്‍ മിക്കയിടത്തും ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നും ആസാമി ലേക്കുള്ള ഉള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.
കാശ്മീരിന്റെ പ്രത്യേക ഭരണഘടന പദവി എടുത്തു കളഞ്ഞ നടപടി പോലെ പൗരത്വ ബില്ലിനെ തുടര്‍ന്നുണ്ടാകുന്ന പ്രതിഷേധങ്ങളും ഞങ്ങളും നേരിടാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അര്‍ദ്ധ സൈനിക വിഭാഗങ്ങളെ വിന്യസിച്ചത് ഇതിന്റെ ഭാഗമായാണ്. പ്രത്യേക ഭരണഘടന പദവി റദ്ദാക്കിയ ശേഷം കാശ്മീരിലെ സ്ഥിതി ഗതികള്‍ ശാന്തം ആക്കിയ ആഭ്യന്തരമന്ത്രി അമിത്ഷായുടെ തന്ത്രങ്ങളില്‍ വിശ്വാസം അര്‍പ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
Post Your Comments