ഷാര്‍ജ: യുഎഇയിലെ ബഹുനില കെട്ടിടത്തിന് മുകളിൽ നിന്നും വന്നു വീണ രണ്ടര വയസുകാരി മരണമടഞ്ഞു. എട്ടാം നിലയില്‍ നിന്നാണ് കുട്ടി നിലത്തേക്ക് വീണത്. അപകടത്തിലെ, വീട്ടുകാരുടെ നിരുത്തരവാദിത്വവും ദുരൂഹതയും കണക്കിലെടുത്ത്, കുട്ടിയുടെ കുടുംബാംഗങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം, ഷാര്‍ജയിലെ അല്‍ മജാസ്-2ലാണ് സംഭവം. ഉച്ചയ്ക്ക് ശേഷം 2.30നായിരുന്നു അല്‍ ബുഹൈറ സ്റ്റേഷനിലേക്ക് അപകടത്തെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. മൂന്നു മിനിറ്റിനുള്ളിൽ സംഭവസ്ഥലത്തെത്തിയ പോലീസ് കുട്ടിയെ അല്‍ ഖാസിമി ആശുപത്രിയിലേക്ക് എടുത്തുകൊണ്ടുപ്പോയി.
കുഞ്ഞു കെട്ടിടത്തിന് താഴെ രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു വെന്നാണ് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തുന്നത്. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ പരമാധി ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ മരണം സംഭവിച്ചിരുന്നു. അപകടത്തിന്റെ വിശദമായ അന്വേഷണത്തിനായി കുഞ്ഞിന്റെ മൃതദേഹം ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റിയിട്ടുണ്ട്.
അമ്മ അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ തുറന്നുകിടന്ന ജനലിനരികില്‍ കുട്ടി എത്തുകയും അവിടെനിന്ന് താഴേക്ക് വീഴുകയുമായിരുന്നുവെന്നാണ് അനുമാനം. രക്ഷിതാക്കളുടെ അശ്രദ്ധ മൂലമാണ് ഇങ്ങനെ ഒരപകടമുണ്ടായിരിക്കുന്നതെന്നും, ഇനി മുതലെങ്കിലും എല്ലാവരും ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ പാലിക്കണമെന്നും പോലീസ് അറിയിച്ചു.
Post Your Comments