കൊച്ചി : ഷെയ്ന്‍ നിഗം വിഷയത്തില്‍ നടക്കുന്ന ഒത്തുതീര്‍പ്പ് ശ്രമങ്ങളെ ചൊല്ലി അമ്മയില്‍ ഭിന്നതയെന്ന് സൂചന. പ്രശ്‌നം പരിഹരിക്കാന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങളെ ചൊല്ലിയാണ് ഇപ്പോള്‍ അമ്മയില്‍ ഭിന്നത ഉയര്‍ന്നിരിക്കുന്നത്..
സംഘടനയില്‍ ചര്‍ച്ച ചെയ്യാതെ നടത്തുന്ന ഒരു ഒത്തുതീര്‍പ്പിലും സഹകരിക്കില്ലെന്ന് നിര്‍വാഹക സമിതിയില്‍ ഒരു വിഭാഗം നിലപാടെടുത്തു. ഏകപക്ഷീയമായ തീരുമാനങ്ങളുണ്ടായാല്‍ രാജിവയ്ക്കുമെന്ന് നിര്‍വാഹകസമിതിയംഗം ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ചര്‍ച്ചയുമായി മുന്നോട്ട് പോകാനാണ് ‘അമ്മ’യുടെ തീരുമാനം. അമ്മ ഭാരവാഹികള്‍ ഫെഫ്കയുമായി ചര്‍ച്ച നടത്തുമെന്ന് ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കിയിരുന്നു. അമ്മ ചര്‍ച്ചയില്‍ സ്വീകരിക്കുന്ന നിലപാട് തനിക്ക് സ്വീകാര്യം എന്ന് ഷെയ്ന്‍ അറിയിച്ചതായും ഫെഫ്കയുമായി ഉള്ള കൂടിക്കാഴ്ചക്ക് ശേഷം നിര്‍മ്മാതാക്കളുടെ സംഘടനയുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ അമ്മ പ്രസിഡന്റായ മോഹന്‍ലാലിനെ അറിയിച്ചുണ്ട്. പ്രശ്‌നം എത്രയും വേഗം ഒത്ത് തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശം ലഭിച്ചു. -ഇടവേള ബാബു പറഞ്ഞു.
നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം നടന്‍ സിദ്ദീഖിന്റെ മധ്യസ്ഥതയില്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഷെയ്‌നുമായി ചര്‍ച്ച നടത്തിയിരുന്നു.
ഷെയ്ന്‍ പറയുന്ന കാര്യങ്ങളില്‍ വസ്തുതയുണ്ടെന്നാണ് കരുതുന്നതെന്ന് ചര്‍ച്ചയ്ക്ക് ശേഷം ഇടവേള ബാബു പറഞ്ഞിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ഇനി ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവരുമായി ചര്‍ച്ച നടത്തി അവരുടെ നിലപാട് കൂടി അറിയണമെന്നാണ് അദ്ദേഹം അറിയിച്ചത്.
Post Your Comments