ന്യൂഡല്‍ഹി: തെലങ്കാനയിലും ഉന്നാവയിലും സ്‌ത്രീകള്‍ക്കുനേരേ നടന്ന അതിക്രമം ഉയര്‍ത്തിക്കാട്ടി ലോക്‌സഭയില്‍ ബി.ജെ.പിയെ പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് വെട്ടില്‍. രാജ്യത്ത് സ്‌ത്രീകളുടെ സുരക്ഷ സംബന്ധിച്ചു ലോക്‌സഭയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ നിലപാട് വ്യക്‌തമാക്കണമെന്ന ആവശ്യമുന്നയിച്ചു കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷമുയര്‍ത്തിയ ബഹളത്തിനിടെ മന്ത്രി സ്‌മൃതി ഇറാനിക്കുനേരേ ആക്രോശിച്ചെത്തിയ ടി.എന്‍. പ്രതാപനും ഡീന്‍ കുര്യാക്കോസുമാണു പാര്‍ട്ടിയെ കുഴപ്പത്തില്‍ ചാടിച്ചത്.
സ്‌മൃതി ഇറാനിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ഇരുവര്‍ക്കുമെതിരെ തിങ്കളാഴ്‌ച പാര്‍ലമെന്റില്‍ പ്രമേയമവതരിപ്പിച്ച് സസ്‌പെന്‍ഡു ചെയ്‌തേക്കും.എന്താണ് ഈ രാജ്യത്ത് നടക്കുന്നത്. ഒരുഭാഗത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ ഒരുങ്ങുന്നു. മറുഭാഗത്ത് സീതയെ കത്തിക്കുന്നു. ഉത്തര്‍പ്രദേശ് അരാജക സംസ്‌ഥാനമായി മാറി- എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.എന്നാല്‍ സീതാ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു ഭരണപക്ഷം ബഹളം വച്ചു. ഇതിനിടെ കോണ്‍ഗ്രസ് വാക്കൗട്ട് നടത്തി.
പിന്നീട് സഭയില്‍ തിരിച്ചെത്തിയ കേരളത്തിലെ എം.പിമാര്‍ ഉള്‍പ്പെടയുള്ളവര്‍ ക്രമസമാധാന വിഷയമായതിനാല്‍ ആഭ്യന്തര മന്ത്രി നേരിട്ട് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ആഭ്യന്തര മന്ത്രി സഭയിലില്ലെന്നും പകരം മന്ത്രി സ്‌മൃതി ഇറാനിയോ താനോ മറുപടി നല്‍കാമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേകര്‍ സഭയെ അറിയിച്ചു. സ്‌മൃതി ഇറാനി മറുപടി പറയാന്‍ എഴുന്നേറ്റതോടെ അത് അനുവദിക്കില്ലെന്നായി. ഇതിനെ ചോദ്യം ചെയ്‌ത മന്ത്രി താനൊരു സ്‌ത്രീയായതുകൊണ്ടാണോ കേള്‍ക്കാന്‍ തയാറാകാത്തതെന്നു ചോദിച്ചു.ഇതോടെ മുഷ്‌ടിചുരുട്ടി ആക്രോശിച്ച് ടി.എന്‍.പ്രതാപനും ഡീന്‍കുര്യാക്കോസും നടത്തളം ലക്ഷ്യമാക്കി പാഞ്ഞെത്തി.
സ്‌മൃതി ഇറാനി ഇവരുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. ബഹളം രൂക്ഷമായതോടെ ചര്‍ച്ച അവസാനിപ്പിച്ച സ്‌പീക്കര്‍ സ്‌മൃതി ഇറാനിയുടെ മൈക്ക് ഓഫാക്കി.സ്‌മൃതിക്കു നേരെ നീങ്ങിയ എം.പിമാരെ മുതിര്‍ന്ന തൃണമൂല്‍ നേതാവ് സുഗതറോയ്, എന്‍.സി.പിയിലെ സുപ്രിയ സുലെ, കോണ്‍ഗ്രസിലെ ജ്യോതിമണി എന്നിവര്‍ ചേര്‍ന്നു തടയുകയായിരുന്നു. എം.പിമാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഭരണപക്ഷം ബഹളം ആരംഭിച്ചതോടെ അംഗങ്ങള്‍ മാന്യത പാലിക്കണമെന്ന നിര്‍ദേശിച്ച് സ്‌പീക്കര്‍ ഓം ബിര്‍ള ഉച്ചയ്‌ക്ക് ഒന്നര വരെ സഭ നിര്‍ത്തിവച്ചു.
പത്തുമിനുട്ടോളം സഭയില്‍ത്തന്നെ ഇരുന്ന സ്‌മൃതി ഇറാനി ഒടുവില്‍ കണ്ണീരോടെയാണു പുറത്തേക്കിറങ്ങിയത്. ഉച്ചയ്‌ക്കു ശേഷം സഭ വീണ്ടും ചേര്‍ന്നപ്പോള്‍ പ്രതാപനും ഡീനും വിട്ടുനിന്നു. എം.പിമാരുടെ പെരുമാറ്റം അപലപനീയമാണെന്നും അവര്‍ മാപ്പുപറയണമെന്നും പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു. ചെയറിലുണ്ടായിരുന്ന മീനാക്ഷി ലേഖി എം.പിമാരെ സഭയിലെത്തിക്കാന്‍ ലോക്‌സഭാ കക്ഷി നേതാവിനോട് ആവശ്യപ്പെട്ട് സഭ 2:30 വരെ പിരിഞ്ഞു. വീണ്ടും സഭ സമ്മേളിച്ചപ്പോഴും എം.പിമാര്‍ ഹാജരായില്ല.
മാര്‍ഷല്‍മാരോട് മോശമായി പെരുമാറിയതിന് അടുത്തിടെ പ്രതാപന്‍ സസ്‌പെന്‍ഷനിലായതു ആംആദ്‌മി പാര്‍ട്ടി അംഗം ചൂണ്ടിക്കാട്ടിയതോടെ ഇവര്‍ സ്‌ഥിരം പ്രശ്‌നക്കാരാണെന്നും നടപടി വേണമെന്നുമായി, ബി.ജെ.ഡി-ബി.ജെ.പി. അംഗങ്ങളുടെ ആവശ്യം. ഇതോടെ കോണ്‍ഗ്രസ് എംപിമാരായ ഡീന്‍ കുര്യാക്കോസിനെയും ടി എന്‍ പ്രതാപനെയും ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുമെന്നാണ് സൂചന. എം.പിമാര്‍ മാപ്പ് പറയില്ലെന്നും വിഷയം വഴിത്തിരിച്ചുവിടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമമാണിതെന്നും കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചു. സ്‌പീക്കര്‍ നടപടിയെടുക്കട്ടെയെന്നാണു കോണ്‍ഗ്രസിന്റെ നിലപാട്.
ഇതിനിടെ അധിര്‍രഞ്‌ജന്‍ ചൗധരി സംസാരിക്കാന്‍ എഴുന്നേറ്റെങ്കിലും എം.പിമാരെ ഹാജരാകാത്തതിനാല്‍ ചര്‍ച്ചയില്ലെന്നു വ്യക്‌തമാക്കി തിങ്കളാഴ്‌ചത്തേക്കു പിരിയുകയായിരുന്നു. ശൂന്യവേളയില്‍ ഉന്നാവോയിലെയും തെലങ്കാനയിലെയും വിഷയങ്ങള്‍ ഉന്നയിച്ചു അധീര്‍ രഞ്‌ജന്‍ നടത്തിയ പ്രസംഗമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പൗരത്വ ഭേദഗതി ബില്‍ തിങ്കളാഴ്‌ച ലോക്‌സഭയില്‍ ചര്‍ച്ചയ്‌ക്കു വരാനിരിക്കെയാണു കോണ്‍ഗ്രസ് വെട്ടിലായത്.
Post Your Comments