തൊടുപുഴ: ആറ് മാസത്തിലധികമായി യുവതിയുടെ മുഖത്തും കണ്ണിലും നീര്, പല ചികിത്സകളും ചെയ്തു ഫലമുണ്ടായില്ല . ഒടുവില്‍ കണ്ടെത്തിയപ്പോള്‍ ഡോക്ടര്‍ ഞെട്ടി. യുവതിയുടെ മുഖത്തിലെ ത്വക്കിനടിയിലുണ്ടായിരുന്നത് ചെറിയ നൂല്‍പ്പുഴു. യുവതിയുടെ മുഖത്തിരുന്ന നൂല്‍പുഴുവിനെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. യുവതിയുടെ കണ്ണിനും മൂക്കിനുമിടയിലാണ് പുഴ നിലയുറപ്പിച്ചിരുന്നത്. കരിമണ്ണൂര്‍ പാറയ്ക്കല്‍ ബിനോയിയുടെ ഭാര്യ ധന്യ(36)യുടെ ഇടത് കണ്ണിനടിയില്‍ നിന്നാണ് പുഴുവിനെ പുറത്തെടുത്തത്.
കണ്ണിനും, മൂക്കിനും ഇടയില്‍ നീരുമായാണ് യുവതി ആശുപത്രിയിലെത്തിയത്. തുള്ളിമരുന്നാണ് അന്ന് ആശുപത്രിയില്‍ നിന്ന് നല്‍കിയത്. ഇത് ഒഴിച്ചിട്ടും കുറവ് വരാതിരുന്നതോടെ കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സ തേടി. സ്‌കാന്‍ ചെയ്തിട്ടും ഉള്ളിലിരിക്കുന്നത് പുഴുവാണെന്ന് കണ്ടെത്താനായില്ല.
കോട്ടയം മെഡിക്കല്‍ കോളെജില്‍ പോയിട്ടും രക്ഷയില്ലാതെ വന്നതോടെ യുവതി വീണ്ടും ചാഴിക്കാട്ടെ ആശുപത്രിയിലെത്തി. ഡൈറോഫിലേറിയാസിസ് എന്ന അപൂര്‍വ രോഗമാണ് ഇതെന്ന് ഇവിടുത്തെ ഡോക്ടര്‍ പോളിന് മനസിലായി. വളര്‍ത്തുമൃഗങ്ങളുമായുള്ള ഇടപെഴകലില്‍ നിന്നോ, മുഖം കഴുകിയപ്പോള്‍ വെള്ളത്തില്‍ നിന്നോ മറ്റോ യുവതിയുടെ കണ്ണില്‍ പുഴു കടന്നു കൂടിയിരിക്കാം എന്നാണ് നിഗമനം.
കണ്‍പോളയ്ക്കുള്ളില്‍ നിന്നും മൂക്കിന്റെ ഭാഗത്തേക്ക് പുഴു നീങ്ങിയതാവാം എന്ന് കരുതുന്നു. വലിപ്പം തീരെ കുറവായതിനാല്‍ ഇവയെ സ്‌കാനിങ്ങില്‍ കണ്ടെത്താനാവില്ല. ഒടുവില്‍ കണ്ണിനും മൂക്കിനും ഇടയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് അര സെന്റീ മീറ്റര്‍ നീളമുള്ള നൂല്‍പുഴുവിനെ പുറത്തെടുത്തത്.
Post Your Comments