ഹൈദ്രാബാദ് : സ്ത്രീകള്‍ കോണ്ടം കൊണ്ട് നടക്കണമെന്നും ബലാത്സംഗത്തോട് സഹകരിയ്ക്കണമെന്നുമുള്ള സംവിധായകന്റെ പരാമര്‍ശത്തില്‍ കൈക്കൂപ്പി മാപ്പ് ചോദിച്ച് സംവിധായകന്റെ അമ്മ . സ്ത്രീകള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ തെലുങ്ക് സംവിധായകന്‍ ഡാനിയേല്‍ ശ്രാവണിന്റെ അമ്മയാണ് മകനു വേണ്ടി കൈക്കൂപ്പി മാപ്പ് പറഞ്ഞത്.
മകന്‍ നടത്തിയ ഹീനമായ പരാമര്‍ശത്തെക്കുറിച്ച് അമ്മയോടു സംസാരിക്കാനെത്തിയ സ്ത്രീകള്‍ പുറത്തുവിട്ട വിഡിയോയിലാണ് മകന്റെ പ്രതികരണങ്ങളെയോര്‍ത്ത് താന്‍ ലജ്ജിക്കുന്നുവെന്ന് ആ അമ്മ തുറന്നു പറഞ്ഞത്. സ്ത്രീകളെകളെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയതിന് അവരോട് കൈകൂപ്പി മാപ്പുചോദിക്കണമെന്നും ആ അമ്മ മകനോടു പറയുന്നു.
തെലങ്കാനയിലെ വെറ്റിനറി ഡോക്ടറുടെ അതിക്രൂരമായ കൊലപാതകത്തെക്കുറിച്ച് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ഡാനിയേല്‍ ശ്രാവണ്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് ഏറെ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്. പുരുഷന്മാരുടെ ലൈംഗിക അസംതൃപ്തിയില്‍ നിന്നാണ് ബലാല്‍സംഗം നടക്കുന്നതെന്നും അക്രമികളോട് സ്ത്രീകള്‍ സഹകരിക്കണമെന്നും അങ്ങനെയാണെങ്കില്‍ കൊല്ലപ്പെടാതിരിക്കുമെന്നുമായിരുന്നു അയാളുടെ കുറിപ്പ്.
ബലാല്‍സംഗം നിയമ വിധേയമാക്കണമെന്നും ബലാല്‍സംഗത്തിന് ശിക്ഷ ലഭിക്കുമോയെന്ന ചിന്തയാണ് സ്ത്രീകളെ കൊല്ലാന്‍ അക്രമികളെ പ്രേരിപ്പിക്കുന്നതെന്നും അയാള്‍ കുറിച്ചു. സ്ത്രീകള്‍ക്ക് ഒരു ഉപദേശം നല്‍കാനും അയാള്‍ മറന്നില്ല. 100 എന്ന നമ്പറില്‍ പൊലീസിനെ വിളിക്കുന്നതിനു പകരം കോണ്ടം കൊണ്ടു നടക്കണമെന്നും, സ്ത്രീകള്‍ വഴങ്ങാത്തതുകൊണ്ടാണ് മറ്റൊരു വഴിയുമില്ലാതെ അവര്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നതെന്നുമാണ് ക്രൂരമായ വാക്കുകളുപയോഗിച്ച് അയാള്‍ എഴുതിയത്.
ശ്രാവണിന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വളരെ വലിയ വിമര്‍ശനത്തിനാണ് വഴിതുറന്നത്. കുടുംബത്തിലെ സ്ത്രീകള്‍ക്ക് നിങ്ങള്‍ ഇതേ ഉപദേശം കൊടുക്കുമോയെന്നാണ് ചിലര്‍ ആ കുറിപ്പിനോട് പ്രതികരിച്ചത്. ശ്രാവണിന്റെ കുറിപ്പ് വിവാദമായതിനെത്തുടര്‍ന്നാണ് സ്ത്രീ കൂട്ടായ്മയായ നാരീസേന ശ്രാവണിന്റെ കുടുംബത്തെ സമീപിച്ചത്.
മകന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചതെന്താണെന്ന് ആ അമ്മയ്ക്കറിയില്ലായിരുന്നു. തുടര്‍ന്ന് സ്ത്രീകള്‍ മകന്‍ എന്താണ് എഴുതിപ്പിടിപ്പിച്ചതെന്ന് അമ്മയെ ധരിപ്പിച്ചു. മകന്റെ മോശം പരാമര്‍ശത്തെക്കുറിച്ചറിഞ്ഞ് ഞെട്ടിപ്പോയ ആ അമ്മ മകനെഴുതിയതിനെക്കുറിച്ച് ലജ്ജ തോന്നുന്നുവെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് ശ്രാവണിനെ അഭിസംബോധന ചെയ്തുകൊണ്ട് ഒരിക്കലും ഒരു സ്ത്രീയെക്കുറിച്ചും ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല എന്ന് താക്കീത് നല്‍കി. ഒപ്പം സ്ത്രീകളോട് കൈകൂപ്പി മാപ്പുചോദിക്കാനും നിര്‍ദേശിച്ചു
Post Your Comments