
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ ഹൈദരാബാദില്‍ തുടക്കമാകും. വൈകീട്ട് 7: 30 നാണ് മത്സരം ആരംഭിക്കുക. കളിക്ക് മുന്നോടിയായി ഇന്ത്യന്‍ ടീം ഇന്നലെ ഹൈദരാബാദിലെത്തി. ബംഗ്ലാദേശിനെതിരായ പരമ്പര വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കൊഹ്ലിപട നാളെ കളത്തിലിറങ്ങുന്നത്.
മത്സരത്തെ മഴ തടസപ്പെടുത്തുവാനുള്ള സാധ്യതകള്‍ ഉണ്ടെന്നാണ് സൂചന, എന്നാല്‍ കളി ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാവില്ല എന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.മൂന്ന് ട്വന്റി 20 യും മൂന്ന് ഏകദിനവുമാണ് പരമ്പരകളില്‍ ഉള്ളത്.ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ വിശ്രമത്തിലായിരുന്ന കൊഹ്ലിയുടെ മടങ്ങിവരവ് ഇന്ത്യന്‍ ടീമിന് ആത്മവിശ്വാസം നല്‍കുന്നുണ്ടെങ്കിലും ഏതൊരു ടീമിനെയും അട്ടിമറിക്കാന്‍ കെല്‍പ്പുള്ള ടീമാണ് പൊള്ളാര്‍ഡിനു കീഴിലുള്ള വെസ്റ്റ് ഇന്‍ഡീസ്. ടീമിനെ തങ്ങളുടെ പ്രതാപകാലത്തേക്ക് മടക്കിക്കൊണ്ട് പോകുമെന്നാണ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ശേഷം പൊള്ളാര്‍ഡ് പ്രതികരിച്ചത്.
എന്നാല്‍ ആരാധകരെല്ലാം ഉറ്റുനോക്കുന്നത് ഈ പരമ്പരയില്‍ സഞ്ജുവിനെ കളിപ്പിക്കാന്‍ ബിസിസിഐ തയ്യാറാകുമോ എന്നാണ്. പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും ആദ്യം തഴഞ്ഞിരുന്നെങ്കിലും പിന്നീട് ശിഖര്‍ ധവാനു പരിക്കേറ്റു പുറത്തുപോകേണ്ടി വന്നതിനാലാണ് സഞ്ജുവിന് വീണ്ടും ഇന്ത്യന്‍ ജെഴ്സിയണിയാന്‍ അവസരം ലഭിച്ചത്. ധവാന് പകരക്കാരനായി ടീമിലെത്തിയതിനാല്‍ തന്നെ സഞ്ജുവിനെ ഓപ്പണറായും പരിഗണിക്കുമെന്ന് ബിസിസിഐ ജോയ്ന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ് പ്രതികരിച്ചു. എന്നാല്‍ രോഹിത് ശര്‍മയേയും കെഎല്‍ രാഹുലിനേയും മറികടന്ന് ഓപ്പണര്‍ ആകുക എന്നത് സഞ്ജുവിന് വെല്ലുവിളിയാകും. നേരത്തേ ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ടീമില്‍ സഞ്ജു ഇടംപിടിച്ചെങ്കിലും ഒരു മത്സരത്തില്‍ പോലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല. ഇതിനെതിരെ ബിസിസിഐയുടെ ഒഫീഷ്യല്‍ പേജില്‍ വന്‍ പ്രതിഷേധമായിരുന്നു ഉണ്ടായിരുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20 മത്സരം കാര്യവട്ടത്ത് ആയതിനാല്‍ തന്നെ ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്.
Post Your Comments