തിരുവനന്തപുരം: ഓർത്തഡോക്സ്–യാക്കോബായ സഭകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ ചർച്ച വേണമെന്ന് അഞ്ചു ക്രിസ്തീയ സഭാ മേലധ്യക്ഷന്മാർ. എല്ലാ സഹായവും നൽകാൻ തങ്ങൾ തയാറാണെന്നും സഭാ മേലധ്യക്ഷന്മാർ വ്യക്തമാക്കി. അഞ്ചു ക്രിസ്തീയ സഭകളുടെ മേലധ്യക്ഷന്മാർ ഇരു സഭകളുടെയും കാതോലിക്കാ ബാവാമാർക്കു കത്തയച്ചു.
സിറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കേരള കാത്തലിക് ബിഷപ്സ് കോൺഫറൻസ് (കെസിബിസി) പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം.സൂസപാക്യം, മാർത്തോമ്മാ സഭാ അധ്യക്ഷൻ ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത, മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, സിഎസ്ഐ സഭാ മോഡറേറ്റർ ബിഷപ് തോമസ് കെ.ഉമ്മൻ എന്നിവരാണ് 27നു തിരുവനന്തപുരം ലാറ്റിൻ ആർച്ച്ബിഷപ്സ് ഹൗസിൽ യോഗം ചേർന്ന ശേഷം കത്തെഴുതിയത്. തപാലിലും ഇ മെയിലിലുമായി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ, ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ എന്നിവർക്ക് അയച്ചുകൊടുത്തു.
അനുരഞ്ജന സംഭാഷണത്തിന് ഏതു തരത്തിലുള്ള സഹായവും വാഗ്ദാനം ചെയ്യുന്നു. ക്രിസ്മസിനു മുന്നോടിയായുള്ള നോമ്പിന്റെ വേളയിൽ ഇരു ബാവാമാരെയും ദൈവം കൂടുതൽ ബലപ്പെടുത്തി അനുഗ്രഹിക്കട്ടെയെന്ന് ആശംസിച്ചാണു കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.
Post Your Comments