മാവേലിക്കര : ആറ് വയസുകാരന്റെ മുന്നിലിട്ട് മാതാപിതാക്കളെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ പ്രതിയ്ക്ക് തൂക്കുകയര്‍. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 23-നാണ് നാടിനെ നടുക്കി ആറു വയസുള്ള മകന്‍ ദേവന്റെ മുന്നിലിട്ട് ബിജുവിനെയും ശശികലയെയും അയല്‍വാസിയായ സുധീഷ് തലയ്ക്കടിച്ചു കൊന്നത്. തെക്കേക്കര പല്ലാരിമംഗലത്ത് ഉച്ചയ്ക്കു 2.45ന് ആയിരുന്നു ഇരട്ടക്കൊലപാതകം. കൊടുംക്രൂരതയ്ക്ക് ഒടുവില്‍ കോടതി തൂക്കുകയര്‍ തന്നെ വിധിച്ചു. അലപ്പുഴ ജില്ലാ സെഷന്‍സ് ജഡ്ജി എ.ബദറുദീന്‍ ആണു വിധി പറഞ്ഞത്.
അച്ഛനെയും അമ്മയെയും അടിച്ചുകൊല്ലുന്നതു കണ്ട് നിലവിളിച്ചോടിയ ദേവനാണു സമീപത്തെ വീടുകളില്‍ എത്തി വിവരം അറിയിച്ചത്. അയല്‍വാസികള്‍ എത്തിയപ്പോള്‍ ബിജുവും ശശികലയും അടിയേറ്റു രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു. കാലുകള്‍ ഒടിഞ്ഞു തൂങ്ങിയതിനാല്‍ കാറില്‍ കൊണ്ടുപോകാന്‍ പറ്റാത്ത നിലയിലായിരുന്നു.
സംഭവമറിഞ്ഞെത്തിയ സിപിഎം ഏരിയ സെക്രട്ടറി കെ.മധുസൂദനനാണ് ആംബുലന്‍സ് വിളിപ്പിച്ച് ഇരുവരെയും കായംകുളത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ശശികല സംഭവസ്ഥലത്തും ബിജു കായംകുളം താലൂക്ക് ആശുപത്രിയിലും മരിച്ചു. ബിജുവിന്റെ മൂത്ത മകള്‍ ദേവിക സംഭവ സമയം മുള്ളിക്കുളങ്ങരയിലെ ബന്ധുവീട്ടിലായിരുന്നു. സുധീഷിനെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടിച്ച് പൊലീസിനു കൈമാറുകയായിരുന്നു. അസഭ്യം പറഞ്ഞതു ചോദ്യം ചെയ്തതിന്റെ പേരിലാണ് കൊടുംക്രൂരത അരങ്ങേറിയത്.
ബിജുവും ഭാര്യ ശശികലയും മാവേലിക്കരയിലെ ജോലി കഴിഞ്ഞു മകന്‍ ദേവനുമായി വീടിനു മുന്‍വശത്തെ വഴിയിലൂടെ പോയപ്പോള്‍ സുധീഷ് അസഭ്യം പറഞ്ഞു. ബിജു ഇതിനെ ചോദ്യം ചെയ്തു. മൂവരും വീടിനുള്ളിലേക്കു കയറിയതിനു പിന്നാലെ സുധീഷ് കമ്പിവടി ഉപയോഗിച്ചു ബിജുവിനെ ആക്രമിച്ചു. ആക്രമണം തടയാന്‍ ശ്രമിച്ച ശശികലയെയും കമ്പിവടികൊണ്ട് അടിച്ചു. പുറത്തേക്കോടിയ ഇരുവരെയും പിന്തുടര്‍ന്ന സുധീഷ് സ്വന്തം വീടിനു മുന്‍വശത്തെ വഴിയില്‍ വച്ചു വീണ്ടും കമ്പിവടികൊണ്ട് ആക്രമിച്ച ശേഷം ഇഷ്ടിക വച്ചു പലതവണ തലയ്ക്കിടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ബിജു മുന്‍പു താമസിച്ചിരുന്ന ഷെഡും സ്ഥലവും സുധീഷ് വിലയ്ക്കു വാങ്ങുകയായിരുന്നു. ബിജുവിന്റെ വീട്ടുകാരുമായി സുധീഷ് വഴക്കിടുന്നതു പതിവായതിനാല്‍ ബഹളം കേട്ടിട്ടും അയല്‍വാസികള്‍ ശ്രദ്ധിച്ചില്ലായിരുന്നു.
Post Your Comments