തൃശൂര്‍ : മക്കള്‍ തമ്മില്‍ കുടുംബ സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കവും വഴക്കും കൊണ്ടെത്തിച്ചത് മാതാപിതാക്കളുടെ മരണത്തില്‍. തൃശൂരിലാണ് സംഭവം. വൃദ്ധദമ്പതികളാണ് ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിച്ചത്. പടിയം വില്ലേജ് ഓഫീസിന് സമീപം, തൊടിയില്‍ വീട്ടില്‍ വിശ്വംഭരന്‍ (93) ഭാര്യ കോമളവല്ലി (80) എന്നിവരെയാണ് കിടപ്പുമുറിയില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മക്കളുടെ സ്വത്ത് സംബന്ധിച്ച കലഹത്തില്‍ മനംനൊന്താണ് മരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
Read Also : സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു
തിങ്കളാഴ്ച ഉച്ചയ്ക്ക് മകനും ഭാര്യയും പുറത്ത് പോയ സമയത്താണ് സംഭവം. അകത്തുനിന്ന് മുറി പൂട്ടിയിരുന്നതിനാല്‍ പൊലീസെത്തി വാതില്‍ പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
വൃദ്ധദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളാണുള്ളത്. മക്കള്‍ തമ്മിലും, മക്കളും പിതാവും തമ്മിലും കുടുംബസ്വത്തിനെച്ചൊല്ലി കേസുകളുണ്ട്. 2014 മുതല്‍ സ്വത്ത് സംബന്ധിച്ച തര്‍ക്കവും കേസുകളും നിലനില്‍ക്കുന്നതായി അന്തിക്കാട് പൊലീസ് പറഞ്ഞു. ഒരു മകന്‍ മണ്ണുത്തിയിലാണ് താമസം. മറ്റൊരു മകന്‍ വീട്ടില്‍ താമസിക്കുന്നുണ്ടെങ്കിലും, രണ്ട് ഭാഗങ്ങളിലായാണ് കഴിഞ്ഞിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു.
37 സെന്റ് വീതം രണ്ട് മക്കള്‍ക്കും വിശ്വംഭരന്‍ നല്‍കിയിരുന്നു. കൂടാതെ കോള്‍നിലങ്ങളും കൃഷിയിടവും വിശ്വംഭരന്റെ പേരിലുണ്ട്.
Post Your Comments