ദോഹ: ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ പേരില്‍ അനധികൃതമായി പണപ്പിരിവ് നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഖത്തര്‍ ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം. വാട്ട്‌സാപ്പ്, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകള്‍ വഴി പിരിവെടുക്കുന്നവരെ മന്ത്രാലയം കര്‍ശനമായി നിരീക്ഷിച്ചുവരുന്നതായി എന്‍ഡോവ്‌മെന്റ് ജനറല്‍ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് യാഖൂബ് അല്‍ അലി പറഞ്ഞു.
ചാരിറ്റി റെഗുലേറ്ററി അതോറിറ്റി ഉള്‍പ്പെടെയുള്ളവയുമായി സഹകരിച്ചാണ് മന്ത്രാലയം നടപടികള്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അജ്ഞാതരായ വ്യക്തികള്‍ വിവിധ പദ്ധതികളുടെ പേരില്‍ പണപ്പിരിവ് നടത്തുന്നുണ്ട്. ദരിദ്ര കുടുംബങ്ങളുടെ ദയനീയതകള്‍ വിവരിച്ചും ഇത്തരക്കാര്‍ സംഭാവന പിരിക്കുന്നുണ്ട്. സംശയകരമായ രീതിയില്‍ സംഭാവന പിരിക്കുന്നവര്‍ക്കെതിരേ മന്ത്രാലയം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ആവശ്യക്കാരെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അംഗീകൃത മാര്‍ഗത്തിലൂടെ സഹായം സ്വീകരിക്കണമെന്നും അല്‍ അലി വ്യക്തമാക്കി. ജീവകാരുണ്യപ്രവര്‍ത്തനവും സക്കാക്കാത്ത് ശേഖരണവും ഉള്‍പ്പെടെ അംഗീകൃത മാര്‍ഗത്തിലൂടെ നടത്തുന്നത് പ്രോല്‍സാഹിപ്പിക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. സംശയകരമായ രീതിയില്‍ പിരിവെടുക്കുന്നവരെ സൂക്ഷിക്കണമെന്ന് പ്രാദേശിക ചാനലിനോട് സംസാരിക്കവേ അല്‍ അലി പറഞ്ഞു.
Post Your Comments