USALatest NewsNewsInternational

അമേരിക്കയിലുടനീളം കനത്ത മഞ്ഞുവീഴ്ച: ട്രൈസ്റ്റേറ്റിലേയും ന്യൂ ഇംഗ്ലണ്ട് ഏരിയയിലേയും സ്കൂളുകള്‍ അടച്ചു

ന്യൂയോര്‍ക്ക്: കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, കണക്റ്റിക്കട്ട് എന്നീ ട്രൈസ്റ്റേറ്റ് ഏരിയയിലെയും ന്യൂ ഇംഗ്ലണ്ട് സംസ്ഥാനങ്ങളിലെയും നൂറുകണക്കിന് സ്കൂളുകള്‍ വൈകി തുറക്കുകയോ ചില സ്കൂളുകള്‍ അടയ്ക്കുകയോ ചെയ്തു. ഞായറാഴ്ചയും തിങ്കളാഴ്ചയും ഈ പ്രദേശങ്ങളിലുണ്ടായ ശൈത്യകാല കൊടുങ്കാറ്റും തുടര്‍ന്നുണ്ടായ ശക്തമായ മഞ്ഞുവീഴ്ചയുമാണ് സ്കൂള്‍ അധികൃതരുടെ നടപടിക്ക് കാരണം. രാജ്യത്തിന്റെ പലഭാഗത്തും മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് യാത്രാ തടസ്സങ്ങളും നേരിടുന്നുണ്ട്.

ന്യൂയോര്‍ക്ക് നഗരത്തിലെ എല്ലാ സ്കൂളുകളും തിങ്കളാഴ്ച തുറക്കുമെങ്കിലും സ്കൂള്‍ സമയം കഴിഞ്ഞുള്ള വിദ്യാര്‍ത്ഥികളുടെ ഏതെങ്കിലും പ്രോഗ്രാമുകള്‍ക്ക് സ്കൂള്‍ ബസ് അനുവദിക്കില്ലെന്ന് ന്യൂയോര്‍ക്ക് സിറ്റി സ്കൂള്‍ വിദ്യാഭ്യാസ വകുപ്പ് പറയുന്നു. ആഫ്റ്റര്‍ സ്കൂള്‍ പ്രോഗ്രാമുകള്‍ റദ്ദാക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. ബസ് സൗകര്യം ആവശ്യമില്ലാത്ത, സ്കൂളിന് ശേഷമുള്ള മറ്റെല്ലാ പ്രോഗ്രാമുകളും മുന്‍‌നിശ്ചയിച്ച പോലെ തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.

‘ഉച്ചകഴിഞ്ഞും വൈകുന്നേരവും കുട്ടികളെ സ്കൂളില്‍ നിന്ന് കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ നേരത്തേ എത്തണമെന്നും, അവര്‍ എത്തുന്നതുവരെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകരുടെയോ ഉദ്യോഗസ്ഥരുടെയോ മേല്‍നോട്ടമുണ്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അവരവരുടെ മക്കള്‍ക്ക് സ്കൂള്‍ കഴിഞ്ഞുള്ള സമയത്ത് എന്തെങ്കിലും ആഫ്റ്റര്‍ സ്കൂള്‍ പ്രോഗ്രാം ഉണ്ടോ ഇല്ലയോ എന്ന് അറിയാന്‍ സ്കൂളുകളുമായി ബന്ധപ്പെടണമെന്ന് അറിയിപ്പില്‍ പറയുന്നുണ്ട്.

ന്യൂയോര്‍ക്ക് നഗരത്തിലെ ബ്രോങ്ക്സ്, ബ്രൂക്ക്‌ലിന്‍ മേഴ്സി കോളേജ് കാമ്പസുകളും ന്യൂറോഷേലിലെ ഹഡ്സണ്‍ കണ്‍ട്രി മോണ്ടിസോറി സ്കൂളും അടച്ചതായി ന്യൂസ് 12 ന്യൂജേഴ്സി റിപ്പോര്‍ട്ട് ചെയ്തു.

പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് പെന്‍‌സില്‍‌വാനിയയിലെ സെന്‍‌ട്രല്‍ ബക്സ് സ്കൂള്‍ ഡിസ്ട്രിക്റ്റിലെ (സിബിഎസ്ഡി) എല്ലാ സ്കൂളുകളും തിങ്കളാഴ്ച അടച്ചിട്ടിരിക്കുകയാണെന്ന് സിബിഎസ്ഡിയുടെ ഔദ്യോഗിക ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നു.

ന്യൂജേഴ്സിയിലുടനീളമുള്ള 200 ലധികം സ്കൂളുകള്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 അല്ലെങ്കില്‍ 1 മണി മുതല്‍ (പ്രാദേശിക സമയം) അടയ്ക്കുകയോ നേരത്തെ വിടുകയോ ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

തിങ്കളാഴ്ച ന്യൂജെഴ്സിയിലെ ബെര്‍ഗന്‍, എസ്സക്സ്, ഹഡ്സണ്‍, ഹണ്ടര്‍ഡണ്‍, മെര്‍സര്‍, മിഡില്‍‌സെക്സ്, മൊണ്മത്ത്, മോറിസ്, പസൈക്, സോമര്‍സെറ്റ്, സുസെക്സ്, യൂണിയന്‍, വാറന്‍ കൗണ്ടികളിലുള്ള സ്കൂളുകള്‍ അടയ്ക്കുകയോ അല്ലെങ്കില്‍ നേരത്തെ അടയ്ക്കുകയോ ചെയ്യുമെന്ന് പ്രാദേശിക ന്യൂസ് വെബ്സൈറ്റായ Nj.com ല്‍ പറയുന്നു.

ന്യൂയോര്‍ക്ക് സ്റ്റേറ്റിലുടനീളമുള്ള വിവിധ സ്കൂളുകള്‍, തലസ്ഥാന നഗരമായ ആല്‍ബനി (167), സാരറ്റോഗ (93), സ്കെനക്റ്റഡി (71), മറ്റ് നിരവധി കൗണ്ടികള്‍ എന്നിവ തിങ്കളാഴ്ച അടച്ചതായി സിബിഎസ് 6 ന്യൂസ് ആല്‍ബനി റിപ്പോര്‍ട്ട് ചെയ്യുന്നു.

കണക്റ്റിക്കട്ടിലെ 225, മസാച്യുസെറ്റ്സില്‍ 142, ന്യൂ ഹാംഷെയറിലെ 46, വെര്‍മോണ്ടിലെ 5, മെയ്ന്‍ 3 സ്കൂളുകള്‍ തിങ്കളാഴ്ച അടച്ചതായി ന്യൂ ഇംഗ്ലണ്ട് കേബിള്‍ ന്യൂസ് NECN (എന്‍ഇസിഎന്‍) റിപ്പോര്‍ട്ട് ചെയ്യുന്നു.

കണക്റ്റിക്കട്ടില്‍ ചില സ്കൂളുകള്‍ തിങ്കളാഴ്ച 2 മണിക്കൂര്‍ വരെ താമസിച്ചാണ് തുറന്നത്. മറ്റുള്ളവ അടച്ചതായി എന്‍ബിസി കണക്റ്റിക്കട്ട് റിപ്പോര്‍ട്ട് ചെയ്തു.

മസാച്യുസെറ്റ്സിലെ നിരവധി സ്കൂളുകള്‍ ഒന്നോ രണ്ടോ മണിക്കൂര്‍ താമസിച്ചാണ് തുറന്നതെന്ന് എന്‍ഇസിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ന്യൂ ഹാംഷെയറില്‍ 46 ഓളം സ്കൂളുകളാണ് തിങ്കളാഴ്ച അടച്ചത്. മെയ്നിലെ ബെര്‍‌വിക് അക്കാദമിയും യോര്‍ക്ക് കൗണ്ടി കമ്മ്യൂണിറ്റി കോളേജും തിങ്കളാഴ്ച അടച്ചിടും. അതേസമയം മെയിനിലെ സാകോ പബ്ലിക് സ്കൂളുകള്‍ നേരത്തെ വിടുമെന്ന് എന്‍ഇസിഎന്‍ റിപ്പോര്‍ട്ട് ചെയ്തു.

കാസില്‍ട്ടണ്‍ യൂണിവേഴ്സിറ്റി (ബെന്നിംഗ്ടണ്‍ കാമ്പസ്), ലോംഗ് ട്രയല്‍ സ്കൂള്‍, മരിയന്‍ ഡബ്ല്യു ക്രോസ് എലിമെന്‍ററി സ്കൂള്‍, സൗത്ത് വെസ്റ്റ് വെര്‍മോണ്ട് സൂപ്പര്‍വൈസറി യൂണിയന്‍ എന്നിവയുള്‍പ്പെടെ വെര്‍മോണ്ടിലെ അഞ്ച് സ്കൂളുകള്‍ തിങ്കളാഴ്ച അടച്ചതായി എന്‍സിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൊയ്തീന്‍ പുത്തന്‍‌ചിറ

shortlink

Related Articles

Post Your Comments

Related Articles


Back to top button