മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന കാലം മാറി ചവിട്ടി എതിരാളികൾക്കൊപ്പം ഭരണം പിടിച്ചെടുത്തതോടെ കോൺഗ്രസിനെതിരെ നിർണ്ണായക നീക്കവുമായി ബിജെപി.സാമ്പത്തികമായി ആകെ തകര്‍ന്നടിഞ്ഞതാണ് മഹാരാഷ്ട്ര ഭരണത്തില്‍ പങ്കാളിയാവാന്‍ കോണ്‍ഗ്രസ്സിനെ പ്രേരിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനം ഉള്‍പ്പെടുന്ന സംസ്ഥാനം കയ്യില്‍ വേണമെന്ന് സോണിയയെ ഉപദേശിച്ചത് അഹമ്മദ് പട്ടേലാണ്. മരുമകന്‍ റോബര്‍ട്ട് വദ്രയും ഉടക്കി നിന്ന സോണിയയെ അനുനയിപ്പിക്കാന്‍ രംഗത്തുണ്ടായിരുന്നു. ഇതോടെയാണ് എ.കെ ആന്റണിയും കെ.സി.വേണുഗോപാലുമെല്ലാം പത്തി മടക്കിയത്.
അതേസമയം മഹാരാഷ്ട്ര ഭരണം കൈവിട്ട് പോയതിന് മധുരമായ പ്രതികാരമാണ് ബി.ജെ.പി നിലവില്‍ ലക്ഷ്യമിടുന്നത്. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും കോണ്‍ഗ്രസ്സ് സര്‍ക്കാറുകളെ അട്ടിമറിക്കുകയാണ് പ്രധാന ലക്ഷ്യം. മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ വസുന്ധര രാജ സിന്ധ്യയുടെ സഹോദര പുത്രന്‍ കൂടിയായ ജോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രി മോദിയുമായി ചർച്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് തന്റെ ട്വിറ്റര്‍ ബയോയില്‍ നിന്നും കോണ്‍ഗ്രസ്സ് പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന പരാമര്‍ശം ജോതിരാദിത്യ അടുത്തയിടെ ഒഴിവാക്കിയതെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു.
മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥുമായുള്ള ഭിന്നതയാണ് ജോതിരാദിത്യയെ ബിജെപിയോട് അടുപ്പിച്ചിരിക്കുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെയും ജോതിരാദിത്യ മുമ്പ് പരസ്യമായി അഭിനന്ദിച്ചിരുന്നു. ജോതിരാദിത്യയെയും പിന്നീട് സച്ചിന്‍ പൈലറ്റിനെയും കോൺഗ്രസിൽ നിന്ന് അടർത്തി മാറ്റിയാൽ കോണ്‍ഗ്രസ്സില്‍ നിന്നും മധ്യപ്രദേശ്, രാജസ്ഥാന്‍ ഭരണം പോകുമെന്നും ബി.ജെ.പി കണക്ക് കൂട്ടുന്നുണ്ട്.അതേസമയം മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ജനാര്‍ദന്‍ ദ്വിവേദി ആര്‍.എസ്.എസ് തലവനൊപ്പം വേദി പങ്കിട്ടത് കോണ്‍ഗ്രസ്സ് നേതൃത്വത്തെ വീണ്ടും ഞെട്ടിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര ഭരണം കൈവിട്ട് പോയതിന് കോണ്‍ഗ്രസ്സിനെ തളര്‍ത്തി പകരം വീട്ടാനാണ് ബി.ജെ.പി അണിയറയില്‍ ശ്രമിക്കുന്നത്. എന്‍.സി.പിയെ പിളര്‍ത്താനും ബി.ജെ.പി ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. മുറിവേറ്റ സിംഹമായി തിരിച്ചെത്തിയ അജിത് പവാര്‍ തന്നെ എന്‍.സി.പിയെ ശരിയാക്കി കൊള്ളുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്. മൂന്ന് വ്യത്യസ്ത ആശയങ്ങളുള്ള പാര്‍ട്ടികള്‍ ഒത്ത് ചേര്‍ന്ന സര്‍ക്കാര്‍ എത്ര നാള്‍ മുന്നോട്ട് പോകുമെന്നതാണ് ഇനി കണ്ടറിയേണ്ടിയിരിക്കുന്നത്.
Post Your Comments