റിയാദ്: ആകാശത്ത് വെച്ച് സൗദി വനിതയ്ക്ക് സുഖപ്രസവം. സൗദി അറേബ്യയുടെ വടക്കേ അതിർത്തി പട്ടണമായ അറാറിൽ നിന്ന് റിയാദിലേക്ക് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിലാണ് ബുധനാഴ്ച വൈകിട്ട് സ്വദേശി വനിത പ്രസവിച്ചത്. പൂർണ ഗർഭിണിയായിരുന്ന ഇവര്‍ക്ക് യാത്ര ആരംഭിച്ച ശേഷം ശാരീരികാസ്വസ്ഥതകൾ ഉണ്ടാകുകയായിരുന്നു. ഭാഗ്യത്തിന് രണ്ട് ഡോക്ടർമാരും ഒരു നഴ്സും ആ വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്നു.
ഗൈനക്കോളജി കൺസൽട്ടൻറായ ഡോ. അൻജി അദ്നാൻ ബദവിയും ഡോ ഈമാൻ മതറും അബീർ അൻസി എന്ന നഴ്സിങ് വിദഗ്ധയും ചേർന്നായിരുന്നു യുവതിയെ നോക്കിയത്. എല്ലാവരും ചേർന്നു ഗർഭിണിയെ വിമാനത്തിന്റെ പിറകുഭാഗത്തെ സീറ്റിലേക്ക് മാറ്റി. ഡോക്ടർമാരുടെയും വിമാന ജീവനക്കാരികളുടെയും സഹായത്തോടെ സുഖപ്രസവംനടക്കുകയുമായിരുന്നു. റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെത്തിയ ഉടനെ സ്ത്രീയെ ആംബുലൻസിലേക്ക് മാറ്റി. ഇവരുടെയും കുട്ടിയുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
Post Your Comments