ന്യൂഡല്‍ഹി: സ്വര്‍ണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കാൻ 2021 ഓടെ രാജ്യത്ത് ബി.ഐ.എസ്. ഹോള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കും. ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാനാണ് ഇക്കാര്യം അറിയിച്ചത്. 2020 ജനുവരി 15-ന് ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കും. ഒരുവര്‍ഷത്തിനുശേഷം നിബന്ധന നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണത്തിന്റെ പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്നതിനുള്ള ബി.ഐ.എസ്. ഹോള്‍മാര്‍ക്കിങ് പദ്ധതി 2000 മുതല്‍ രാജ്യത്ത് നടപ്പാക്കിവരുന്നുണ്ട്. നിലവിലുള്ള 40 ശതമാനം സ്വര്‍ണാഭരണങ്ങളും ഹോള്‍മാര്‍ക്ക് ചെയ്തവയാണ്. രാജ്യത്തെ എല്ലാ ആഭരണവ്യാപാരികളും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സില്‍ (ബി.ഐ.എസ്.) രജിസ്റ്റര്‍ ചെയ്യണം. ഇതു ലംഘിച്ചാല്‍ 2018-ല്‍ പാസാക്കിയ ബി.ഐ.എസ്. ചട്ടപ്രകാരം കുറഞ്ഞത് ഒരുലക്ഷം രൂപമുതല്‍ വസ്തുവിന്റെ മൂല്യത്തിന്റെ അഞ്ചിരട്ടി വിലവരെ പിഴയും ഒരുവര്‍ഷം തടവും ശിക്ഷ ലഭിക്കാം.
നിലവിലെ സ്റ്റോക്ക് വിറ്റുതീര്‍ക്കാനാണ് വ്യാപാരികള്‍ക്ക് ഒരുവര്‍ഷം സമയം അനുവദിച്ചത്. ഹോള്‍മാര്‍ക്ക് രേഖപ്പെടുത്തുന്നതിന് 14 കാരറ്റ്, 18 കാരറ്റ്, 22 കാരറ്റ് എന്നിങ്ങനെ മൂന്നു ഗ്രേഡുകള്‍ ബി.ഐ.എസ്. രൂപപ്പെടുത്തിയിട്ടുണ്ട്.
Post Your Comments