രാജകുമാരി: മുംബൈ പനവേലില്‍ സ്വകാര്യലോഡ്ജില്‍ രണ്ടുവയസുകാരി മകള്‍ ജൊവാനയെ വിഷം നല്കി കൊലപ്പെടുത്തിയ കേസില്‍ മാതാവ് ലിജി(29) യുടെ അറസ്റ്റ് പനവേല്‍ പോലീസ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ ലിജിയെ റിമാന്‍ഡ് ചെയ്തു.കഴിഞ്ഞ ഒന്‍പതിനാണ് ലിജിയെയും സുഹൃത്ത് വസീമിനെയും മുംബൈ പനവേലിലെ ലോഡ്ജില്‍ വിഷം കഴിച്ച് അവശനിലയിലും ലിജി-റിജോഷ് ദമ്പതികളുടെ ഇളയ മകള്‍ ജൊവാനയെ വിഷം ഉള്ളില്‍ച്ചെന്നു മരിച്ചനിലയിലും കണ്ടെത്തിയത്.
വസീം നേരത്തെ അപകടനില തരണം ചെയ്തിരുന്നെങ്കിലും ശ്വാസകോശത്തിലുണ്ടായ അണുബാധയെത്തുടര്‍ന്നു തീവ്രപരിചരണ വിഭാഗത്തില്‍ ഇപ്പോഴും ചികിത്സയിലാണ്.ഇവരുടെ ഭര്‍ത്താവും ശാന്തന്‍പാറയിലെ ഫാം ഹൗസ് ജീവനക്കാരനുമായിരുന്ന പുത്തടി മുല്ലൂര്‍ വീട്ടില്‍ റിജോഷിനെ (31)കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി വസീമിനൊടൊപ്പമാണ് ലിജി മകളെയും കൂട്ടി മുംബൈയിലേക്ക് കടന്നത്. മകള്‍ ജൊവാനയെ വിഷം നല്കി കൊലപ്പെടുത്തിയശേഷം ഇരുവരും വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു.
റിജോഷിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണ് വസീം. കൊലപാതകത്തിനുശേഷം റിജോഷിന്റെ മൃതദേഹം ഭാഗികമായി കത്തിക്കുകയും തുടര്‍ന്നു ശാന്തന്‍പാറ പുത്തടിയിലെ ഫാം ഹൗസില്‍ കുഴിച്ചു മൂടുകയുമായിരുന്നു.റിജോഷിനെ കാണാതായതിനെത്തുടര്‍ന്നു ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. ഒടുവില്‍ ഫാം ഹൗസില്‍ കുഴിച്ചു മൂടിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Post Your Comments