നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്റെ കയ്യിലുള്ള മെമ്മറി കാര്‍ഡിലെ ഉള്ളടക്കം കാണാന്‍ ദിലീപിന് അനുമതി. എന്നാല്‍ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കേണ്ടതില്ലെന്നാണ് സുപ്രീംകോടതി വിധി. ദൃശ്യങ്ങള്‍ വേണമെങ്കില്‍ ദിലീപിന് പരിശോധിക്കാം, കാണാം. ദൃശ്യങ്ങളുടെ പകര്‍പ്പ് ഉപാധികളോടു കൂടി പോലും നല്‍കേണ്ടതില്ലെന്നാണ് സുപ്രീംകോടതി വിധിച്ചത്. തീരുമാനം ഇരയുടെ സ്വകാര്യതയെ പരിഗണിച്ചെന്നും കോടതി പറഞ്ഞു. പിടിച്ചെടുത്ത മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എ.എം ഖാന്‍ വില്‍ക്കര്‍ അധ്യക്ഷനായ രണ്ടംഗ ബഞ്ചാണ് വിധി പറഞ്ഞത്. ദിലീപിന്റെ ആവശ്യത്തെ സര്‍ക്കാറും നടിയും കോടതിയില്‍ എതിര്‍ത്തിരുന്നു.
വാട്ടര്‍മാര്‍ക്കിട്ടാണെങ്കിലും ദൃശ്യങ്ങൾ അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. മെമ്മറി കാര്‍ഡിലെ ഉള്ളടക്കം രേഖയാണെങ്കിലും ദൃശ്യങ്ങള്‍ നല്‍കരുതെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. ഇതിന് പുറമെ ഹരജിയെ എതിര്‍ത്ത് നടിയും കോടതിയെ സമീപിച്ചിരുന്നു. കാര്‍ഡിലെ ഉള്ളടക്കം അനുവദിക്കുന്നത് തന്റെ സ്വകാര്യതക്ക് മേലുള്ള കയ്യേറ്റമാണെന്ന് കാണിച്ചാണ് നടി കോടതിയെ സമീപിച്ചിരുന്നത്. പ്രതിയെന്ന നിലയിൽ ദൃശ്യങ്ങള്‍ കാണണമെങ്കില്‍ വിചാരണക്കോടതിയുടെ അനുമതിയോടെ കാണാവുന്നതേയുള്ളൂവെന്നും നടി രേഖാമൂലം കോടതിയെ അറിയിച്ചിരുന്നു.
Post Your Comments