ഡല്‍ഹി: എസ് പി ജി ഭേദഗതി ബില്ലില്‍ കോണ്‍ഗ്രസ്സിന്റെ വായടപ്പിക്കുന്ന മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നെഹ്‌റു കുടുംബത്തിലെ മൂന്ന് പേരുടെ എസ് പി ജി സുരക്ഷ ഒഴിവാക്കിയത് വിശദമായ വിലയിരുത്തലുകള്‍ക്ക് ശേഷമാണെന്നും എല്ലാ രാഷ്ട്രീയക്കാര്‍ക്കും ഒരേ സുരക്ഷ നല്‍കാന്‍ സാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. നെഹ്‌റു കുടുംബത്തിന്റെ സുരക്ഷ വെട്ടിച്ചുരുക്കിയിട്ടില്ലെന്നും മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും അമിത് ഷാ വിശദീകരിച്ചു.
സോണിയ ഗാന്ധിയും മകനും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി വദ്രയും ഇതിന് മുന്‍പ് പല തവണ എസ് പി ജി സുരക്ഷ ഉപേക്ഷിച്ച് യാത്രകള്‍ നടത്തിയിരുന്നതായി അമിത് ഷാ ചൂണ്ടിക്കാട്ടി. അറുനൂറിലേറെ തവണ അവര്‍ ഇത് ആവര്‍ത്തിച്ചുവെന്നും അവര്‍ക്കെന്താണ് ഇത്രയും ഒളിച്ചു വെക്കാനുള്ളതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ആരാഞ്ഞു. കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് അടക്കമുള്ളവര്‍ സുതാര്യമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അവര്‍ക്കാര്‍ക്കും സുരക്ഷ ഒരു ഭാരമായി തോന്നിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നെഹ്‌റു കുടുംബത്തിന് നിലവില്‍ സെഡ് പ്ലസ് സുരക്ഷയും സി ആര്‍ പി എഫ് സംരക്ഷണവും എ എസ് എല്‍ പ്രോട്ടോക്കോളും ആംബുലന്‍സും നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഞങ്ങള്‍ അത് കൃത്യമായി നിര്‍വ്വഹിക്കുന്നുമുണ്ട്. എന്നാല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് നല്‍കുന്ന പ്രത്യേക സുരക്ഷ എല്ലാവര്‍ക്കും നല്‍കുക എന്നത് അസാദ്ധ്യമാണ്. അതിന്റെ ആവശ്യമില്ല. അമിത് ഷാ വ്യക്തമാക്കി.
Post Your Comments