കൊച്ചി: സംസ്ഥാന ഇന്റലിജൻസ് തയാറാക്കിയ സുരക്ഷാ റിപ്പോർട്ട് ചോർന്നതോടെ കേരളത്തിലെത്തിയ പ്രധാനമന്ത്രിയുടെ സുരക്ഷാ സംവിധാനം പൂർണമായും എസ്പിജി ഏറ്റെടുത്തു. കേരള പോലീസിന് ഗതാഗത, ആൾക്കൂട്ട നിയന്ത്രണച്ചുമതല മാത്രമായി. പ്രധാനമന്ത്രി എസ്പിജിയുടെ സുരക്ഷാവലയത്തിനുള്ളിലാണ് ജനങ്ങളെ അഭിവാദ്യം ചെയ്തത്. കോസ്റ്റ്ഗാർഡ്, നേവി കപ്പലുകൾ പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. ആക്കുളത്തെ തെക്കൻ വ്യോമ കമാൻഡ് ആകാശ നിരീക്ഷണവും ശക്തമാക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷ കേന്ദ്ര ഏജൻസികൾ ഏറ്റെടുത്തത് കേരളാ ആഭ്യന്തര വകുപ്പിനും ഒപ്പം കേരളത്തിലെ ക്രമസമാധാനത്തിനും കുറച്ചിലായെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ. ചോർച്ച വിവാദമായതോടെ സംസ്ഥാന ഇന്റലിജൻസ് വീണ്ടും തയാറാക്കിയ സുരക്ഷാ പദ്ധതി എസ്പിജി അംഗീകരിച്ചിട്ടില്ല. പകരം കൂടുതൽ എസ്പിജി, സായുധസേനാ വിഭാഗത്തിനെ ഉപയോഗിക്കാനായിരുന്നു നിർദ്ദേശം. ഭീകരാക്രമണ ഭീഷണി ഉള്ളതിനാൽ ഐബിയുടെ ഡെപ്യൂട്ടി ചീഫ് തലസ്ഥാനത്തും മുതിർന്ന ഉദ്യോഗസ്ഥൻ കൊച്ചിയിലും എത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ ഐപിഎസുകാരെപ്പോലും നേരിട്ട് ഒരുകാര്യവും ഏൽപ്പിക്കേണ്ടതില്ലെന്നാണ് എസ്പിജിയുടെ നിർദേശം. ഇതനുസരിച്ച് പുതിയ പ്ലാൻ തയാറാക്കാൻ പോലീസിനോട് നിർദേശിച്ചിട്ടുണ്ടെന്നാണ് സൂചന. നേരത്തെ നല്കിയ പ്ലാനിൽ ഡിവൈഎസ്പിമാർക്ക് സഹിതം നേരിട്ട് ചുമതലകൾ നല്കിയിരുന്നു. ഇത് പൂർണമായും ഒഴിവാക്കാനും നിർദേശം നല്കിയിട്ടുണ്ട്.റിപ്പോർട്ട് ചോർന്ന സംഭവത്തിൽ പ്രധാനമന്ത്രി മടങ്ങിപ്പോയശേഷം കൂടുതൽ അന്വേഷണം ഉണ്ടാകും.
ഐബിയുടെയും എസ്പിജിയുടെയും റിവ്യൂ മീറ്റിങിൽ പോലീസ് വീഴ്ച ചർച്ച ചെയ്യും. ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തി നല്കിയതിന് കേസെടുത്തേക്കും. തിരുവനന്തപുരം സിറ്റി യൂണിറ്റിൽ നിന്നാണ് റിപ്പോർട്ട് ചോർന്നതെന്നാണ് സൂചന. സംഭവത്തിൽ ഡിസിപി അന്വേഷണം തുടങ്ങിയെന്ന് സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.
Post Your Comments