ന്യൂഡല്‍ഹി: പാര്‍ലമെന്റ് എന്നത് കേരളം നിയമസഭ അല്ലെന്നു കോണ്‍ഗ്രസ് നേതാക്കള്‍ മനസ്സിലാക്കണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ .സോണിയ ഗാന്ധിയുടെ നിര്‍ദേശമനുസരിച്ച് രണ്ട് വനിതാ എംപിമാര്‍ എത്തി മാര്‍ഷലുകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തുകയായിരുന്നു.അതിനെ കയ്യേറ്റ ശ്രമമായി ചിത്രീകരിക്കുന്നത് ആടിനെ പട്ടിയാക്കലാണെന്ന് മുരളീധരന്‍ പറഞ്ഞു.കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ ജനാധിപത്യത്തിന്റെയും പാര്‍ലമെന്റ് ചട്ടങ്ങളുടെയും ലംഘനമാണ് നടത്തിയത്.
പാര്‍ലമെന്റ് നടപടി ക്രമങ്ങള്‍ അവസാനിച്ച ശേഷവും ബഹളം തുടരുന്ന സാഹചര്യത്തിലാണ് രണ്ട് കോണ്‍ഗ്രസ് എംപിമാരെ സസ്പെന്റ് ചെയ്യാനുള്ള തീരുമാനം ഉണ്ടായത്.എന്നിട്ടും മാറാത്ത സാഹചര്യത്തിലാണ് അവരെ മാറ്റുന്നതിനായി പുരുഷ മാര്‍ഷല്‍മാര്‍ പാര്‍ലമെന്റിനകത്ത് കയറിയത്. ആ സമയത്താണ് വനിതാ എംപിമാര്‍ മാര്‍ഷലുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ ശ്രമിച്ചത്. ഈ സംഭവത്തെ വനിതാ അംഗത്തെ കയ്യേറ്റം ചെയ്തെന്ന രീതിയിലാണ് കോണ്‍ഗ്രസുകാര്‍ പ്രചരിപ്പിക്കുന്നത്.
മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്കില്ലാത്ത പ്രതിഷേധമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ പാര്‍ലമെന്റിനെ സ്തംഭിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെങ്കില്‍ ഇത് പുതിയ ഇന്ത്യയാണ് എന്ന താക്കീതും വി.മുരളീധരന്‍ നല്‍കി.ഈ രാജ്യത്തെ ജനാധിപത്യം തന്നെ തകര്‍ത്തവരാണ് കോണ്‍ഗ്രസ്. രാജ്യത്തെ എത്രയോ നിയമസഭകളില്‍ മഹാരാഷ്ട്രയിലേതിനെക്കാള്‍ ജനാധിപത്യവിരുദ്ധ നടപടികളാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അരങ്ങേറിയത്.
തെരഞ്ഞടുപ്പില്‍ മത്സരിക്കാത്ത ഉദ്ദവിനെ മുഖ്യമന്ത്രിയാക്കാമെന്നുള്ള വാഗ്ദാനത്തിന്റെ പേരില്‍ ജനാധിപത്യത്തെ അട്ടിമറിക്കുകയാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും വി.മുരളീധരന്‍ വ്യക്തമാക്കി. സ്പീക്കറുടെ ഉത്തരവനുസരിച്ച് സഭയില്‍ പ്രവേശിച്ച മാര്‍ഷലുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയായിരുന്നു ഈ വനിതാ അംഗം. അതില്‍ മാപ്പുപറയുകയാണ് രമ്യഹരിദാസും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും ചെയ്യേണ്ടതെന്നും മുരളീധരന്‍ വ്യക്തമാക്കി.
കേരള നിയമസഭയില്‍ എന്തു കയ്യാങ്കളി കാണിച്ചാലും ഊരിപ്പോരാമെന്ന പഴയ ചരിത്രത്തിന്റെ അടിസ്ഥാനത്തില്‍ അത് തന്നെ ആവര്‍ത്തിക്കാന്‍ ശ്രമിച്ചാല്‍ കേരള നിയമസഭയല്ല ഇന്ത്യന്‍ പാര്‍ലമെന്റെന്ന് കോണ്‍ഗ്രസുകാര്‍ ഓര്‍മ്മിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.
Post Your Comments