റാസ് അൽ ഖൈമ :ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു. ശേഷം, എത്തിച്ചേര്‍ന്നത് ജയിലില്‍. യുവാവ് മയക്ക് മരുന്ന് ഉപയോഗിച്ചിരുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. റാസല്‍ഖൈമയിലാണ് സംഭവമുണ്ടായത്. ബാര്‍ബര്‍ ഷോപ്പിലെത്തിയ മയക്കുമരുന്നിന് അടിമയായിരുന്ന യുവാവ് മുടിവെട്ടാന്‍ ആവശ്യപ്പെട്ടു. മുടിവെട്ടിക്കൊണ്ടിരിക്കുന്നതിനിടെ ഇയാള്‍ അസ്വസ്ഥത പ്രകടിപ്പിച്ച ശേഷം കുഴഞ്ഞു വീണു. പരിഭ്രാന്തനായ ബാര്‍ബര്‍ നാഷണല്‍ ആംബുലന്‍സിൽ വിവരമറിയിച്ചു.
Also read : ഷാര്‍ജയില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിയ്ക്കായി തെരച്ചില്‍ തുടരുന്നു: മകനെ കണ്ടെത്താന്‍ അപേക്ഷയുമായി മാതാവ്
ഉടന്‍ സ്ഥലത്തെത്തിയ പാരാമെഡിക്കല്‍ സംഘം പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. രക്ത പരിശോധനയിൽ ഇയാള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി തെളിഞ്ഞു. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി സമ്മതിച്ച യുവാവ് സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ലഹരി മരുന്നുകള്‍ കിട്ടിയതെന്നും വെളിപ്പെടുത്തി. തുടർന്ന് സുഹൃത്തിന്റെ വീട്ടിലെത്തി നടത്തിയ പരിശോധനയിൽ ഉപയോഗിച്ച സിറിഞ്ചുകള്‍ കണ്ടെടുത്തു. സിറിഞ്ചുകളിലും മയക്കുമരുന്നിന്റെ അംശമുണ്ടായിരുന്നതോടെ സുഹൃത്തിനെയും അറസ്റ്റ് ചെയ്തു.
പ്രതികളെ പിന്നീട് പോലീസ് പ്രോസിക്യൂഷന് കൈമാറി. പിടിച്ചെടുത്ത സിറിഞ്ചുകള്‍ ഉള്‍പ്പെടെ തെളിവുകളായി ശേഖരിച്ചു. അതോടൊപ്പം തന്നെ മയക്കുമരുന്ന് എത്തിച്ച കുറ്റത്തിന് ഇവരുടെ ഒരു പെണ്‍സുഹൃത്തിനെയും പ്രതിചേര്‍ത്തു. ഇരുവര്‍ക്കും രണ്ടുവര്‍ഷം വീതം ജയില്‍ ശിക്ഷ റാസല്‍ഖൈമ ക്രിമിനല്‍ കോടതി വിധിച്ചപ്പോൾ, പ്രതിയായ യുവതിയില്‍ നിന്ന് 10,000 ദിര്‍ഹം പിഴ ഈടാക്കിയ ശേഷം നാടുകടത്താനും ഉത്തരവിട്ടു.
Post Your Comments