Kerala

ശബരിമലയിൽ വഴിപാടുകള്‍ക്ക് തിരക്കേറുന്നു

ചെലവ് കൊണ്ടും പ്രാധാന്യം കൊണ്ടും ശബരിമലയിലെ പ്രധാന വഴിപാടായ പടിപൂജ പുനരാരംഭിച്ചതോടെ വഴിപാടിനുള്ള തിരക്കേറുന്നു. ഇതുവരെ 2037 വരെയുള്ള പടിപൂജ വഴിപാട് ബുക്കിങ്ങായിക്കഴിക്കുന്നു. പ്രളയകാലത്ത് മുടങ്ങിപ്പോയ പടിപൂജയാണ് ഭക്തരുടെ സൗകര്യംകൂടി കണക്കിലെടുത്ത് മണ്ഡലകാലത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ദേവസ്വം തീരുമാനിച്ചത്. നവംബര്‍ മൂന്ന് മുതല്‍ 26വരെയുള്ള ദിവസങ്ങളില്‍ ശനിയും ഞായറും ഒഴിച്ച് പടിപൂജ നടത്തി മുടങ്ങിയ വഴിപാട് പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. മുന്‍കൂട്ടി ബുക്ക് ചെയ്ത് മാത്രം ചെയ്യാന്‍ കഴിയുന്ന വഴിപാടായതിനാല്‍ വലിയ തിരക്കാണ് പടിപൂജ വഴിപാടിന് അനുഭവപ്പെടുന്നത്. സന്നിധാനത്തിലേക്കുള്ള പതിനെട്ട് പടികളും 18 ഋഷിമാരെ സങ്കല്‍പ്പിച്ച് അവര്‍ക്ക് പ്രത്യേക കലശവും നിവേദ്യവും തന്ത്രി നേരിട്ട് സമര്‍പ്പിക്കുന്ന വഴിപാടാണിത്. ഈ വഴിപാട് നേരത്ത് പതിനെട്ടാം പടിയിലേക്കുള്ള ഭക്തജന സഞ്ചാരം ഒരു മണിക്കൂറിലേറെ നേരം തടസ്സപ്പെടുന്നതിനാല്‍ മണ്ഡലകാലത്ത് പടിപൂജ നടത്താറില്ല. മറ്റ് പൂജകളുടെ നേരത്താണിത് കൃത്യമായും ചെയ്യാറ്. എന്നാല്‍ 2018ലെ പ്രളയം കാര്യങ്ങള്‍ അവതാളത്തിലാക്കിയതോടെ നേരത്തെ ബുക്ക് ചെയ്തവരുടെ പടിപൂജ വഴിപാട് തടസ്സപ്പെട്ടു. അത് പരിഹരിക്കുന്നതിന്റെ ഭാഗമായാണിപ്പോള്‍ പടിപൂജ തുടങ്ങിയത്. 75000രൂപയാണ് വഴിപാട് തുക.

മുന്‍കൂട്ടി ബുക്ക് ചെയ്ത് മാത്രം നടത്താന്‍ കഴിയുന്ന നിരവധി വഴിപാടുകളാണ് ശബരീസന്നിധിയെ വ്യത്യസ്തമാക്കുന്നത്. ഉദയാസ്തമനപൂജ, കളഭം, സഹസ്രകലശം, ലക്ഷാര്‍ച്ചന എന്നീ വഴിപാടുകളാണവ. ഉദയാസ്തമന പൂജയ്ക്ക് നാല്‍പ്പതിനായിരം പൂജയും കളഭത്തിന് കളഭമൊഴികെ ആറായിരം രൂപയും സഹസ്രകലശത്തിന് അമ്പതിനായിരം രൂപയും ലക്ഷാര്‍ച്ചനയ്ക്ക് എണ്ണായിരം രൂപയുമാണ് ബുക്കിങ് തുക. ഇതില്‍ കളഭം മാത്രമാണ് എല്ലാ ഉല്‍സവകാലത്തും നടത്തുന്ന വഴിപാട്. മറ്റുള്ളവ മാസപൂജാ സമയത്ത് മാത്രമാണ് നടത്തുക.

സന്നിധാനത്തെത്തുന്ന ഭക്തര്‍ക്ക് തല്‍സമയം രസീതെടുത്ത് നടത്താന്‍ കഴിയുന്ന വഴിപാടുകളും അയ്യപ്പസന്നിധിയിലുണ്ട്. പുഷ്പാഭിഷേകം, അഷ്ടാഭിഷേകം, തങ്കഅങ്കി ചാര്‍ത്ത് എന്നിവയാണവ. ഇതില്‍ അഷ്ടാഭിഷേകം രാവിലെയാണ് നടത്തുക. അയ്യായിരം രൂപ രസീത് വേണ്ട വഴിപാടില്‍ നാലുപേര്‍ക്ക് സോപാനത്തില്‍ നേരിട്ട് തൊഴുത് വഴിപാട് നടത്താം.

വൈകുന്നേരം ആറേ മുക്കാല്‍ മുതല്‍ 9 വരെയാണ് പുഷ്പാഭിഷേകം നടക്കുക. പതിനായിരം രൂപയാണ് വഴിപാട് തുക. നേരിട്ട് വഴിപാട് കണ്ട് തൊഴാന്‍ സോപാനത്തില്‍ ആറുപേരെ അനുവദിക്കും. പനനീര്‍, തെച്ചി, തുളസി, അരളി തുടങ്ങിയ പൂക്കളാണ് പുഷ്പാഭിഷേകത്തിന് ഉപയോഗിക്കുക. ഒന്‍പതിനായിരം രൂപയാണ് തങ്കഅങ്കി ചാര്‍ത്താനുള്ള വഴിപാട് തുക. ഇങ്ങനെ അയ്യപ്പപ്രീതിക്കും ഭക്തിസാക്ഷാത്കാരത്തിനുമായി നിരവധി വഴിപാടുകളാണ് ശബരിമലയില്‍ ഭക്തജനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button