ദുബായ്: ബാങ്ക് വിവരങ്ങൾ ഫോണിൽ വിളിച്ച് ചോർത്തി തട്ടിപ്പ് നടത്തിയ വൻ സംഘം യുഎഇയിൽ പൊലീസ് പിടിയിൽ. തട്ടിപ്പു നടത്തിയ 29 അംഗ സംഘമാണ് പിടിയിലായത്. അബുദാബി പോലീസും ദുബായിലെയും അജ്മാനിലെയും ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് സംഘം പിടിയിലായത്.
നാല് ഗ്രൂപ്പുകളായി പ്രവർത്തിച്ച സംഘത്തിലെ അംഗങ്ങൾ ബാങ്ക് ജോലിക്കാരാണെന്ന് ഫോണിൽ വിളിച്ച് പറയുകയും, ഉപഭോക്താക്കളുടെ അക്കൗണ്ടുകളോ ക്രെഡിറ്റ് കാർഡുകളോ മരവിപ്പിച്ചതായി അറിയിക്കുകയും ചെയ്‌ത ശേഷം അവരുടെ സ്വകാര്യ ബാങ്ക് വിവരങ്ങൾ ശേഖരിക്കുകയും പിന്നീട് അക്കൗണ്ടിൽ നിന്ന് പണം മോഷ്ടിക്കുകയുമായിരുന്നു സംഘം ചെയ്തിരുന്നത്.
വിവിധ എമിറേറ്റുകളിലുള്ള റെസിഡൻഷ്യൽ അപ്പാർട്ടുമെന്റുകളിൽ പ്രവർത്തിച്ചിരുന്ന സംഘത്തിലെ അംഗങ്ങളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി അബുദാബി പോലീസിന്റെ ക്രിമിനൽ സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഇമ്രാൻ അഹമ്മദ് അൽ മസ്രൂയി പറഞ്ഞു. അജ്ഞാതരായ ആളുകൾ ബാങ്ക് ജീവനക്കാരാണെന്ന് പറഞ്ഞ് വിളിക്കുമ്പോൾ ഒരു കാരണവശാലും ക്രെഡിറ്റ് കാർഡ് നമ്പറും വ്യക്തിഗത വിശദാംശങ്ങളും കൈമാറരുതെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. 800 2626 എന്ന നമ്പറിൽ വിളിച്ച് പരാതികൾ റിപ്പോർട്ട് ചെയ്യാൻ ആളുകളോട് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments