ജക്കാര്‍ത്ത: മൊബൈല്‍ ഫോണില്‍ കളിയ്ക്കാതിരിയ്ക്കാന്‍ കുട്ടികള്‍ക്ക് കോഴിക്കുട്ടികളും പച്ചക്കറി വിത്തുകളും നല്‍കി ഈ രാജ്യം. ചെറിയ കുഞ്ഞുങ്ങള്‍ മുതല്‍ വലിയവര്‍ വരെ സ്മാര്‍ട്ട് ഫോണിന്റെ അടിമകളാണ്. എന്നാല്‍ ഈ ‘ദുശ്ശീലം’ കുട്ടികളില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നും എടുത്തുകളയാന്‍ വ്യത്യസ്തമായൊരു വഴിയാണ് ഇന്തോനേഷ്യയിലെ ഒരു നഗരം പരീക്ഷിക്കുന്നത്.
മൊബൈല്‍ ഫോണുമായി ഇരുന്ന് സമയം കളയാതിരിക്കാന്‍ കുട്ടികള്‍ക്ക് കോഴിക്കുട്ടികളും മുളകുവിത്തുകളും നല്‍കുന്നതാണ് പരിപാടി. ഇതോടെ കുട്ടികള്‍ കൂടുതല്‍ സമയം അരുമ മൃഗങ്ങള്‍ക്കും ചെടികള്‍ക്കുമൊപ്പം ചെലവഴിക്കുമെന്നാണ് കരുതുന്നത്.
വെസ്റ്റ് ജാവയിലെ ബാന്റംഗ് നഗരത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് കോഴികളും വിത്തുകളും നല്‍കിയുള്ള പരീക്ഷണം. 2000 കോഴികളും 1500 വിത്തുകളുമാണ് 10 പ്രൈമറി സ്‌കൂളുകളിലായി വിതരണം ചെയ്തിരിക്കുന്നത്.
ഈ ആഴ്ച ആദ്യം മേയര്‍ ഓഡെഡ് ഡാനിയല്‍ ഇതിന്റെ പ്രതീകാത്മക കൈമാറ്റം നടത്തിയിരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളില്‍നിന്ന് കുട്ടികളുടെ ശ്രദ്ധതിരിയാന്‍ ഇത് സഹായിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും പ്രാദേശിക വിദ്യാഭ്യാസ അധികൃതര്‍ക്ക് വിലയിരുത്താന്‍ സമയം വേണമെന്നും അദ്ദേഹം പറഞ്ഞു.
2019 ലെ ഗ്ലോബല്‍ ഡിജിറ്റല്‍ റിപ്പോര്‍ട്ട് പ്രകാരം ഉപഭോക്താക്കള്‍ ഒരു ദിവസം ഏകദേശം എട്ട് മണിക്കൂറും 36 മിനുട്ടും ഇന്റര്‍നെറ്റിന് മുമ്പില്‍ സമയം ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്.
Post Your Comments