പ്രവാസി പുനരധിവാസ പദ്ധതിയിൽ (NDPREM) കീഴിൽ നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ സംരംഭങ്ങൾ തുടങ്ങുന്നതിനായി മൂലധന/പലിശ സബ്സിഡിയുള്ള വായ്പ ലഭ്യമാക്കുന്നതിനുള്ള അർഹതാനിർണ്ണയക്യാമ്പ് 2019 നവംബർ 23 രാവിലെ 10 മണിക്ക് നോർത്ത് പറവൂരിലുള്ള വ്യാപാരഭവനിൽ നടക്കും. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവാസത്തിനുശേഷം നാട്ടിൽ സ്ഥിരതാമസമാക്കിയവർക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ തദവസരത്തിൽ പരിചയപ്പെടുത്തുന്നതും യോഗ്യരായ അപേക്ഷകർക്ക് വായ്പ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അന്നേ ദിവസം തന്നെ പൂർത്തിയാക്കുന്നതുമാണ്. അഭിരുചിയുള്ളവർക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഉള്ള മാർഗ്ഗ നിർദ്ദേശങ്ങളും നൽകും. ഇതിനായി സർക്കാർ മാനേജ്മെന്റ് പരിശീലന സ്ഥാപനമായ സി.എം.ഡി യുടെ സേവനവും തദവസരത്തിൽ ലഭ്യമാക്കും. സംരംഭകർക്ക് മൂലധന, പലിശ സബ്സിഡിയും നോർക്ക റൂട്ട്സ് ലഭ്യമാക്കും. വി.ഡി സതീശൻ എം. എൽ. എ ഉദ്ഘാടനം ചെയ്യും. നോർത്ത് പറവൂർ മുനിസിപ്പൽ ചെയർമാൻ ഡി. രാജ്കുമാർ അദ്ധ്യക്ഷത വഹിക്കും.
Read also: പ്രവാസി സഹകരണസംഘങ്ങൾക്ക് നോർക്ക റൂട്ട്സ് ധനസഹായം
സംരംഭകർക്ക് മൂലധന, പലിശ സബ്സിഡികൾ ലഭ്യമാകുന്ന ഈ പദ്ധതിയിൽ കീഴിൽ സംരംഭകരാകാൻ താൽപര്യമുള്ളവർ തങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കൽ തുക ഉൾപ്പെടെയുള്ള ലഘു വിവരണവും, കുറഞ്ഞത് രണ്ട് വർഷത്തെ വിദേശവാസം തെളിയിക്കുന്ന പാസ്പോർട്ടിന്റെ പകർപ്പും, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോയും, പാൻകാർഡ്, റേഷൻകാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകളും കൊണ്ടുവരണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. താൽപര്യമുള്ളവർ നോർക്ക റൂട്ട്സിന്റെ വെബ് സൈറ്റായ www.norkaroots.org യിൽ മുൻകൂർ പേര് രജിസ്റ്റർ ചെയ്യുകയും കൃത്യ സമയത്ത് സ്ഥലത്ത് എത്തിച്ചേരുകയും വേണം. കൂടുതൽ വിവരങ്ങൾക്ക് സി.എം.ഡി യുടെ സഹായക കേന്ദ്രം (0471-2329738) നമ്പരിലും, നോർക്ക റൂട്ട്സിന്റെ 1800-425-3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തുനിന്ന് മിസ്ഡ്കാൾ സേവനം) ടോൾഫ്രീ നമ്പരിലും, 0484-2371810,2957099 നമ്പരിലും ലഭിക്കും
Post Your Comments