തൃശ്ശൂർ: പാലക്കാട് അട്ടപ്പാടി മഞ്ചികണ്ടിയിൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റിന്റെ മൃതദേഹം സംസ്കരിച്ചു. രമ എന്ന പേരിൽ സൂക്ഷിച്ചിരുന്ന കന്യാകുമാരി സ്വദേശിനി അജിതയുടെ മൃതദേഹം ബന്ധുക്കളാരും ഏറ്റെടുക്കാൻ എത്താതിനെ തുടർന്നാണ് പോലീസിന്റെ നേതൃത്വത്തിൽ സംസ്കാരം നടന്നത്. ഗുരുവായൂർ നഗരസഭക്ക് കീഴിലുള്ള പൊതുശ്മശാനത്തിൽ കനത്ത സുരക്ഷാ ക്രമീകരണം ഒരുക്കിയായിരുന്നു പോലീസ് മൃതദേഹം സംസ്കരിച്ചത്.
തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്ന് രാവിലെ 10 മണിയോടെ മൃതദേഹം പുറത്തേക്ക് എടുത്തു. അന്തിമോപചാരം അർപ്പിക്കാൻ മാവോയിസ്റ്റ് അനുകൂലികൾക്ക് പോലീസ് അനുവാദം നൽകി. മുഖ്യമന്ത്രിക്കെതിരെയും സർക്കാരിനെതിരെയും പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. ഗുരുവായൂരിലേക്ക് കൊണ്ടുപോയ മൃതദേഹത്തെ പോരാട്ടം പ്രവർത്തകർ അനുഗമിച്ചിരുന്നു.
നേരത്തെ മണി പാസകന്റേയും കാർത്തിയുടേയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. ശ്രീനിവാസന്റെ മൃതദേഹം എന്തു ചെയ്യണമെന്നത് ഡിഎൻഎ പരിശോധന ഫലം വന്ന ശേഷം തീരുമാനിക്കും.
Post Your Comments