കോഴിക്കോട്: ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ പോലീസ് കേസെടുത്തു. വാഹനം തടഞ്ഞ് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനാണ് കേസ്. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ സുരേഷ് ചാലിപുരയിലിനെതിരേയാണു കെഎസ്ആര്‍ടിസി അധികൃതരുടെ പരാതിയില്‍ കേസെടുത്തത്. ബുധനാഴ്ച കെഎസ്ആര്‍ടിസിയുടെ പണം കൊണ്ടുപോയ വാഹനം പ്രതിഷേധസൂചകമായി 15 മിനിറ്റ് സുരേഷ് തടഞ്ഞിരുന്നു.
കൊടിയുമായി മുദ്രാവാക്യം മുഴക്കി ജീപ്പിന് മുന്നില്‍നിന്ന് പ്രതിഷേധിച്ച സുരേഷ് മുദ്രാവാക്യവും മുഴക്കി. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.കെഎസ്ആര്‍ടിസിയുടെ ഡിപ്പോ കളക്ഷന്‍ അടയ്ക്കാനായി പുറപ്പെട്ട ജീപ്പ് കോഴിക്കോട് ടെര്‍മിനലിലായിരുന്നു സുരേഷ് തടഞ്ഞത്.കെഎസ്ആര്‍ടിസി തൊഴിലാളികള്‍ മാനസികമായി തകര്‍ന്ന അവസ്ഥയിലാണ്.
അതുകൊണ്ടാണ് എംപ്ലോയീസ് വെല്‍വെയര്‍ അസോസിയേഷന് സംസ്ഥാന സെക്രട്ടറിയായ താന്‍ പ്രതിഷേധവുമായി രംഗത്ത് വന്നതെന്നാണ് സുരേഷ് പറയുന്നത്. അതേസമയം കെഎസ്ആര്‍ടിസിയുടെ സല്‍പേരിന് കളങ്കം വരുത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് ഡെപ്യൂട്ടി ഡയറക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഡ്രൈവര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് റിപ്പോര്‍ട്ട്. കൊണ്ടോട്ടി സ്വദേശിയായ സുരേഷ് 10 വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറാണ്. മൂന്ന് വര്‍ഷമായി കോഴിക്കോട് ഡിപ്പോയിലാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം സുരേഷിനെതിരേ നടപടി സ്വീകരിക്കാനുള്ള നീക്കത്തിനെതിരേ ഒരു വിഭാഗം തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
Post Your Comments