KeralaLatest NewsNews

‘ഗൂഗിള്‍ പറയുന്നത് കേട്ടോ, വെബ്സൈറ്റ് കണ്ടോ, എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സികളുടെ ഉപദേശം കേട്ടോ മാത്രം ഏതു കോളേജില്‍ പോകണമെന്ന് തീരുമാനിക്കരുത്’- മുരളി തുമ്മാരുകുടിയുടെ കുറിപ്പ് വായിക്കേണ്ടത്

കുട്ടികളുടെ ഉപരിപഠനവുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ക്ക് എപ്പോഴും സംശയങ്ങളാണ്. ഏതാണ് നല്ല രാജ്യം? ഏതാണ് നല്ല യൂണിവേഴ്സിറ്റി? എന്നിങ്ങനെ നിരവധി സംശയങ്ങളാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് മുരളി തുമ്മാരുകുടി എഴുതിയ കുറിപ്പ് വായിക്കേണ്ടതാണ്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഏതു കോളേജിലാ?

“ചേട്ടാ എൻറെ മകൾ നാട്ടിൽ എഞ്ചിനീയറിങ്ങ് കഴിഞ്ഞു, കാനഡയിൽ ഉപരിപഠനത്തിന് പോകണമെന്നുണ്ട്? ഏതാണ് നല്ല യൂണിവേഴ്സിറ്റി?

സ്ഥിരം കിട്ടുന്ന ചോദ്യമാണ്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നിങ്ങൾ എന്ത് പഠിക്കുന്നു എന്നതിനേക്കാൾ പ്രധാനമാണ് എവിടെ പഠിക്കുന്നു എന്ന് ഞങ്ങൾ പലപ്രാവശ്യം പറഞ്ഞല്ലോ. എന്നാൽ ഏതാണ് നല്ല യൂണിവേഴ്സിറ്റി എന്ന് കുട്ടികളും മാതാപിതാക്കളും എങ്ങനെ തീരുമാനിക്കും?

നല്ല കോളേജ് / നല്ല യൂണിവേഴ്സിറ്റി എന്നാൽ നല്ല കെട്ടിടങ്ങളോ നല്ല അധ്യാപകരോ പുതിയ കരിക്കുലമോ നല്ല വിദ്യാർത്ഥികളോ ഇനി ഇതെല്ലാം കൂടിയ മറ്റെന്തെങ്കിലുമോ ആണോ?

ഈ ചോദ്യത്തിന് ഉത്തരം പറയുക അത്ര എളുപ്പമല്ല. നല്ല കെട്ടിടങ്ങളുണ്ടാക്കാൻ എളുപ്പമാണ്. കേരളത്തിലെ പുതിയ തലമുറയിലെ മിക്കവാറും എഞ്ചിനീയറിങ്ങ് കോളേജുകളുടെയും കെട്ടിടങ്ങളും ഭൗതിക സൗകര്യങ്ങളും പഴയ കോളേജുകളേക്കാൾ മികച്ചതാണ്. കാശുകൊടുത്താൽ പേരുകേട്ട / പരിചയസന്പന്നരായ അധ്യാപകരേയും നമുക്ക് ലഭിച്ചുവെന്ന് വരാം. അതുകൊണ്ടു മാത്രം നല്ല കോളേജോ യൂണിവേഴ്സിറ്റിയോ ആകുമോ?

വിദേശ രാജ്യങ്ങളിൽ പഠിക്കാൻ പോകുന്പോൾ കാര്യങ്ങൾ ഇതിലും ബുദ്ധിമുട്ടാണ്. ആയിരം ഡോളർ കൊടുത്താൽ ആർക്കും ഇന്ത്യക്കാർ തന്നെ അടിപൊളി വെബ്‌സൈറ്റ് ഉണ്ടാക്കിക്കൊടുക്കും. അതിൽ പറഞ്ഞിരിക്കുന്നതെല്ലാം സത്യമെന്ന് തെറ്റിദ്ധരിച്ച് അഡ്മിഷനെടുത്താൽ പാണിപാളും.

നല്ല കോളേജ് / യൂണിവേഴ്സിറ്റി എന്നത് ഞങ്ങളുടെ അഭിപ്രായത്തിൽ താഴെ പറയുന്ന ഗുണങ്ങളുള്ളവയാണ്.

1. മിടുക്കരായ വിദ്യാർത്ഥികൾ പഠിക്കുന്നത്
2. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കുന്നത്
3. നവീനവും ഫ്ലെക്സിബിളുമായ പാഠ്യപദ്ധതിയുള്ളത്
4. പരിചയസന്പന്നരും പ്രശസ്തരുമായ അദ്ധ്യാപകരുള്ളത്
5. ഇവിടെ നിന്നും കുട്ടികളെ ജോലിക്കെടുക്കാൻ പുറം ലോകം താല്പര്യം കാണിക്കുന്നത്

കെട്ടിടങ്ങളുടെ വലുപ്പവും ഹോസ്റ്റലിൽ എ സി ഉണ്ടോ എന്നതുമൊക്കെ ഇതിന് ശേഷം അന്വേഷിക്കേണ്ട കാര്യങ്ങളാണ്.

അന്താരാഷ്ട്രമായി ഇത്തരത്തിൽ ഒരു റാങ്കിങ്ങ് സംവിധാനം ഇപ്പോൾ ഇല്ല. അതുകൊണ്ട് തന്നെ നിങ്ങൾ ഉപരിപഠനത്തിന് ശ്രമിക്കുന്പോൾ കുറേ അന്വേഷണങ്ങൾ സ്വയം നടത്തിയേ പറ്റൂ.

ഈ അന്വേഷണങ്ങളെ സഹായിക്കാനായി ലോകത്തെ യൂണിവേഴ്സിറ്റികളെ റാങ്ക് ചെയ്യുന്ന പല സ്ഥപനങ്ങളെ പരിചയപ്പെടുത്താം.

ക്യൂ.എസ്സ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്.
ലോകമെന്പാടുമുള്ള സർവകലാശാലകളുടെ പ്രകടന മികവും പോജനസമ്മതിയും അളക്കുന്നതിനായി Quacquarelli Symonds എന്ന ബ്രിട്ടീഷ് എഡ്യൂക്കേഷൻ കന്പനിയാണ് ക്യൂ.എസ്സ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ് പബ്ലിഷ് ചെയ്യുന്നത്. സ്ഥലം, വിഷയങ്ങൾ, വിവിധ കോഴ്സുകൾ (ബിസിനസ് മാസ്റ്റേഴ്സ്, എം.ബി.എ തുടങ്ങിയവ) എന്നീ വിഭാഗങ്ങളും പ്രത്യേകമായി അറിയാം. ‘QS Top 50 Under 50’ എന്ന പേരിൽ അൻപതുവർഷത്തിൽ താഴെ മാത്രം പ്രവർത്തന പാരന്പര്യമുള്ളതും മികവിൽ ആദ്യ അന്പതു സ്ഥാനങ്ങളിലുള്ളതുമായ യങ് യൂണിവേഴ്സിറ്റികളുടെ റാങ്കിങ്ങും പുറത്തിറക്കുന്നുണ്ട്.

ടൈംസ് ഹയർ എജ്യുക്കേഷൻ റാങ്കിങ്
ഹയർ എഡ്യൂക്കേഷനെക്കുറിച്ചുള്ള വാർത്തകളും വിവരങ്ങളും പങ്കുവെക്കുന്ന പ്രതിവാരികയാണ് ടൈംസ് ഹയർ എജ്യുക്കേഷൻ. ഇന്റർനാഷണൽ ഡൈവേഴ്സിറ്റി, പഠന-അധ്യാപന അന്തരീക്ഷം, ഗവേഷണം തുടങ്ങിയ മേഖലകളിലാണ് റേറ്റിംഗ് നടത്തുന്നത്. ഓരോ വിഷയങ്ങൾ, പ്രദേശങ്ങൾ എന്നിവയനുസരിച്ചുള്ള റാങ്കിങ് ലഭ്യമാണ്.

അക്കാദമിക് റാങ്കിങ് ഓഫ് വേൾഡ് യൂണിവേഴ്സിറ്റീസ് (ARWU)
ഹയർ എഡ്യൂക്കേഷൻ സ്ഥാപനങ്ങളുടെ റാങ്കിങ്ങുകളിൽ പ്രധാനപ്പെട്ട മറ്റൊരു റാങ്കിങ് സംവിധാനമാണ് അക്കാദമിക് റാങ്കിങ് ഓഫ് വേൾഡ് യൂണിവേഴ്സിറ്റീസ് അഥവാ ഷാങ്ങ്ഹായ് റാങ്കിങ്. ഷാങ്ഹായ് റാങ്കിങ് കൺസൾട്ടൻസിയാണ് ഇത് പുറത്തിറക്കുന്നത്. ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിനും ടൈംസ് ഹയർ എഡ്യൂക്കേഷൻ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിനുമൊപ്പം ഏറ്റവും സ്വാധീനമുള്ളതും വ്യാപകമായി ശ്രദ്ധിക്കപ്പെടുന്നതുമായ മൂന്ന് സർവകലാശാല റാങ്കിംഗുകളിൽ ഒന്നാണ് ഷാങ്ങ്ഹായ് റാങ്കിങ്. എഡ്യൂക്കേഷൻ ക്വാളിറ്റി, ഫാക്കൽറ്റിയുടെ നിലവാരം, ഗവേഷണം, എന്നിങ്ങനെ വിവിധ മേഖലകളിലുള്ള നിലവാരം ഇതിലൂടെ അറിയാം.

വിദേശത്ത് ഉപരിപഠനത്തിന് ശ്രമിക്കുന്പോൾ തീർച്ചയായും ഇതിൽ ഏതെങ്കിലും അന്താരാഷ്ട്ര റാങ്കിങ് ഏജൻസിയുടെ വെബ്‌സൈറ്റ് പരിശോധിച്ചിരിക്കണം. ഇന്റർനാഷണൽ റാങ്കിങ്ങിൽ ആദ്യ അഞ്ഞൂറ് റാങ്കുകളിലുള്ള സ്ഥാപനങ്ങൾ പൊതുവെ ഞങ്ങൾ മുൻപ് പറഞ്ഞ കാര്യങ്ങളിലും മുൻപന്തിയിൽ തന്നെ ആയിരിക്കും. അതുകൊണ്ട് അതിലാണ് അഡ്മിഷൻ കിട്ടുന്നതെങ്കിൽ പിന്നെ അധികം പേടിക്കാനില്ല. എന്നാൽ ഇതത്ര എളുപ്പമുള്ള കാര്യമല്ല. നമ്മുടെ എഡ്യൂക്കേഷണൽ കൺസൾട്ടൻസികൾ നിർദ്ദേശിക്കുന്ന ഭൂരിഭാഗം സ്ഥാപനങ്ങളും അഡ്മിഷൻ കിട്ടാൻ എളുപ്പമുള്ളതും അതുകൊണ്ടു തന്നെ ആയിരത്തിനും താഴെ റാങ്കുള്ളതുമായിരിക്കും. ഇത് നമുക്ക് സ്വയം പരിശോധിച്ചു ബോധ്യപ്പെടാവുന്ന കാര്യമാണ്.

ഇന്ത്യയിലെ ഹയർ എഡ്യൂക്കേഷൻ റാങ്കിങ്.
ഇന്ത്യയിലെ യൂണിവേഴ്സിറ്റികളുടെയും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും റാങ്കിങ് നിശ്ചയിക്കുന്നതിനായി മിനിസ്‌ട്രി ഓഫ് ഹ്യൂമൻ റിസോർസ് ആൻഡ് ഡെവലപ്മെൻറ് അംഗീകരിച്ച ഒരു റാങ്കിങ് മെത്തഡോളജിയാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (NIRF). ഇതിനായി എം‌എച്ച്‌ആർ‌ഡി രൂപീകരിക്കുന്ന ഒരു കോർ കമ്മിറ്റിയാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ റാങ്കുചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത്. അദ്ധ്യാപനം, പഠനരീതികൾ, ലഭ്യമായ വിഭവങ്ങൾ, ഗവേഷണം, പ്ലേസ്‌മെന്റ് സാധ്യതകൾ, വ്യത്യസ്ത വിഭാഗങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങൾ, (ഉദാഹരണമായി, ഇതര സംസ്ഥാനങ്ങളിൽ/രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടോ, എത്രത്തോളം സ്ത്രീകൾ വരുന്നുണ്ട്, സാമൂഹികവും സാന്പത്തികവുമായി പിന്നോക്കം നിൽക്കുന്നതും, ഭിന്നശേഷിക്കാരുമായ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കുന്നുണ്ടോ). കൂടാതെ ഗവേഷകർക്കും വിദ്യാർത്ഥികൾക്കും സ്ഥാപനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടെന്താണെന്നുള്ളതും പരിഗണിക്കും.

QS I. GAUGE
Quacquarelli Symonds ഉം ഇന്ത്യൻ നോൺ-പ്രോഫിറ്റ് ആയ ERA ഫൗണ്ടേഷനും ചേർന്നുള്ള ഒരു പ്രൈവറ്റ് റേറ്റിംഗ് സിസ്റ്റമാണ് QS I. GAUGE. ടീച്ചിങ് ആൻഡ് ലേർണിംഗ്, ഫാക്കൽറ്റിയുടെ നിലവാരം, ജോലിസാധ്യത, ഗവേഷണ നിലവാരം, സാമൂഹിക പ്രതിബദ്ധത, തുടങ്ങിയ മാനദണ്ഡങ്ങളനുസരിച്ച് മുകളിൽ നിന്ന് താഴേക്ക് ‘ഡയമണ്ട് പ്ലസ്’, ‘ഡയമണ്ട്’, ‘ഗോൾഡ്’, ‘സിൽവർ’, ‘ബ്രോൺസ്’, ‘പ്രൊവിഷണൽ’ റേറ്റിംഗുകൾ നൽകുന്നു.

 

അക്രെഡിറ്റേഷൻ
കേരളത്തിൽ നമ്മൾ സാധാരണ കേൾക്കുന്നത് അക്രെഡിറ്റേഷൻ എന്ന വാക്കാണ്. യു ജി സി, അക്രെഡിറ്റേഷൻ, നാക് (NAAC) ഇവ എങ്ങനെയാണ് വ്യത്യസ്തമായിരിക്കുന്നത്?
അക്രെഡിറ്റെഷൻ എന്ന് നിങ്ങൾ കേട്ടിട്ടുണ്ടാകും. ഇതെന്താണ്?, റാങ്കിങ്ങിൽ നിന്നും ഇതെങ്ങനെയാണ് വ്യത്യസ്തമായിരിക്കുന്നത്?
എന്താണ് അക്രെഡിറ്റേഷൻ?
യോഗ്യതയുള്ള ഒരു ഏജൻസി, ഒരു നിശ്ചിത കാലയളവിലേക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകുന്ന ഔദ്യോഗികമായ അംഗീകാരമാണ് അക്രെഡിറ്റേഷൻ. കരിക്കുലം, ടീച്ചിങ്-ലീർണിങ് ആൻഡ് ഇവാല്യൂവേഷൻ, ഗവേഷണം, അടിസ്ഥാന സൗകര്യങ്ങൾ, സ്റ്റുഡന്റ് സപ്പോർട്ട്, സ്ഥാപനത്തിന്റെ നേതൃത്വം എന്നീ മേഖലകളിലായി എട്ടു ഗ്രേഡുകൾ (A++, A+, A, B++, B+, B, C, D) നല്കപ്പെടാം. ‘D’ ഗ്രേഡു കൊണ്ടർത്ഥമാക്കുന്നത് സ്ഥാപനത്തിന് അക്രെഡിറ്റേഷൻ കിട്ടില്ല എന്നതാണ്. റാങ്കിങ്ങിലെ പോലെ ഒരു സ്ഥാനത്തിന്റെ അക്രെഡിറ്റെഷൻ മറ്റൊരു സ്ഥാപനവുമായി താരതമ്യപ്പെടുത്തുന്നില്ല. അതുകൊണ്ടു തന്നെ ഒരു ജില്ലയിലെ പത്തു കോളേജുകൾക്കും എ ഗ്രേഡോ ഡി ഗ്രേഡോ കിട്ടാം. പക്ഷെ പത്തു സി ഗ്രേഡ് ഉള്ള കോളേജുകളെയും റാങ്ക് ചെയ്താൽ ചിലർക്ക് ഒന്നാം സ്ഥാനം കിട്ടുമല്ലോ. “ഞങ്ങൾ ജില്ലയിലെ ഒന്നാമതാണ്” എന്ന് സത്യത്തിൽ അവർക്ക് പറയുകയും ചെയ്യാം.
ഇന്ത്യയിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അക്രെഡിറ്റേഷൻ നൽകുന്ന ഏജൻസിയാണ് NAAC അഥവാ നാഷണൽ അസ്സെസ്സ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൌൺസിൽ. യുജിസി യുടെ കീഴിലുള്ള ഒരു സ്വതന്ത്ര സ്ഥാപനമാണ് NAAC.
കുറഞ്ഞത് രണ്ടു ബാച്ച് വിദ്യാർത്ഥികളെങ്കിലും ബിരുദപഠനം പൂർത്തിയാക്കിയിട്ടുള്ളതോ കഴിഞ്ഞ ആറുവർഷമായി നിലവിലുള്ളതോ ആയ സ്ഥാപനങ്ങൾക്ക് അക്രെഡിറ്റേഷനുവേണ്ടി അപേക്ഷിക്കാം.

ഇതുപോലെതന്നെ ടെക്‌നിക്കൽ പ്രോഗ്രാമുകൾക്ക് അക്രെഡിറ്റേഷൻ നൽകുന്ന ഏജൻസിയാണ് NBA അഥവാ നാഷണൽ ബോർഡ് ഓഫ് അക്രെഡിറ്റേഷൻ. NAAC അക്രെഡിറ്റേഷൻ പോലെ സ്ഥാപനങ്ങൾക്കല്ല, മറിച്ച് കോഴ്‌സുകൾക്കാണ് NBA അക്രെഡിറ്റേഷൻ നൽകുന്നത്. ഇതിൽ എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, ഫർമസി, ആർക്കിടെക്ചർ, മാനേജ്‌മന്റ്, അപ്ലൈഡ് ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് തുടക്കിയ മേഖലകളിലുള്ള ഡിപ്ലോമ, അണ്ടർഗ്രാജുവേറ്റ്, പോസ്റ്റ്ഗ്രാജുവേറ്റ് പ്രോഗ്രാമുകൾ ഉൾപ്പെടുന്നു.

ഐ എസ് ഓ (ISO) അംഗീകാരം

ഇന്ത്യയിലെ ചില സ്ഥാപനങ്ങൾ ഒക്കെ അവരുടെ പരസ്യം നൽകുന്പോൾ ഞങ്ങൾ ഐ എസ് ഓ നിലവാരമുള്ളതാണെന്ന് പറയാറുണ്ട്. ഐ എസ് ഓ എന്നാൽ ഇന്റർനാഷണൽ സ്റ്റാൻഡേർഡ്‌സ് ഓർഗനൈസേഷൻ ആയതിനാൽ ഇത് ഒരു അന്താരാഷ്ട്ര ഗുണനിലവാര സൂചിക ആണെന്ന് സാധാരണ ആളുകൾ ധരിക്കുന്നു. പക്ഷെ ഇക്കാര്യത്തിൽ നമ്മൾ കൂടുതൽ ശ്രദ്ധിക്കണം. ഐ എസ് ഓ എന്നാൽ ഒറ്റ സ്റ്റാൻഡേർഡ് അല്ല. മറിച്ച് Environmental Management System (ISO 14000 സീരീസ്), quality (ISO 9000 സീരീസ്) ഒക്ക്യൂപ്പേഷണൽ ഹെൽത്ത് (ISO 18000 സീരീസ്) എന്നിങ്ങനെ ഏറെ സ്റ്റാന്റേർഡുകളുണ്ട്. ഇതിൽ ഏതെങ്കിലുമാണ് സ്ഥാപനത്തിനുള്ളതെങ്കിൽ അതിനെ അക്കാദമിക് ഗുണനിലവാരവുമായി കൂട്ടിക്കുഴക്കരുത്. കഴിഞ്ഞ വർഷം അക്കാദമിക് സ്ഥാപനങ്ങൾക്ക് വേണ്ടി മാത്രമായി ഒരു ഐ എസ് ഓ സ്റ്റാൻഡേർഡ് വന്നിട്ടുണ്ട് (ISO 21001:2018
Educational organizations — Management systems for educational organizations)

ഈ സിസ്റ്റം ഏതെങ്കിലും അന്താരാഷ്ട്രമായ യൂണിവേഴ്സിറ്റികൾ എടുത്തതായി ഇതുവരെ കണ്ടില്ല. പക്ഷെ രണ്ടോ മൂന്നോ വർഷത്തിനകം ഇത് മാറിയേക്കാം.

മുൻപ് പറഞ്ഞത് പോലെ ഗൂഗിൾ പറയുന്നത് കേട്ടോ, വെബ്‌സൈറ്റ് കണ്ടോ, എഡ്യൂക്കേഷണൽ കൺസൾട്ടൻസികളുടെ ഉപദേശം കേട്ടോ മാത്രം ഏതു കോളേജിൽ പോകണമെന്ന് തീരുമാനിക്കരുത്. ഇതിനായി കുറച്ചു സമയം ചിലവാക്കണം. നല്ല യൂണിവേഴ്സിറ്റിയിൽ പോകുന്നത് ആദ്യത്തെ ജോലി കിട്ടാൻ എളുപ്പമാക്കുമെന്ന് മാത്രമല്ല നല്ല വീഞ്ഞ് പോലെ വർഷങ്ങൾ കൂടും തോറും അതുകൊണ്ടുള്ള പ്രയോജനങ്ങൾ, സാന്പത്തികമുൾപ്പെടെ കൂടിവരുമെന്ന് ഗവേഷണങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട്. അതുകൊണ്ട് ഇക്കാര്യത്തിൽ അല്പം സമയം ചിലവാക്കുന്നതിൽ തെറ്റില്ല.

https://www.facebook.com/thummarukudy/posts/10219265604006224

shortlink

Related Articles

Post Your Comments

Related Articles


Back to top button