മലപ്പുറം : ബാങ്കില്‍ നിന്ന് അരലക്ഷത്തിലേറെ രൂപ വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ച് തട്ടിയെടുത്തു . നഷ്ടപ്പെട്ട പണം ബാങ്ക് തിരികെ നല്‍കി . മലപ്പുറം അങ്ങാടിപ്പുറത്താണ് സംഭവം. പരിയാപുരം കടശ്ശേരി വീട്ടില്‍ ആല്‍വിന്റെ അങ്ങാടിപ്പുറത്തെ ഫെഡറല്‍ ബാങ്ക് ശാഖയിലെ സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍നിന്നാണ് പണം നഷ്ടപ്പെട്ടത്.കഴിഞ്ഞ 15ന് ബെംഗളൂരുവിലെ ജയനഗറിലെ എടിഎം കൗണ്ടറില്‍നിന്ന് 2 തവണകളിലായി പണം പിന്‍വലിച്ചതായാണ് പുലര്‍ച്ചെ മൊബൈലില്‍ അറിയിപ്പ് ലഭിച്ചത്.
ആദ്യം 50,000 രൂപയും പിന്നീട് 1,000 രൂപയുമാണ് പിന്‍വലിച്ചത്. പണം നഷ്ടപ്പെടുന്നതിന് 2 ദിവസം മുന്‍പ് മാത്രമാണ് തുക അക്കൗണ്ടില്‍ നിക്ഷേപിച്ചത്. ബാങ്ക് കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ മോണിറ്ററിങ് വിഭാഗം അന്വേഷണം നടത്തുന്നുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ കാഷ് ഡിപ്പോസിറ്റ് മെഷീനില്‍ നിന്നാണ് തുക പിന്‍വലിച്ചതെന്ന് കണ്ടെത്തിയിരുന്നു. എടിഎം കാര്‍ഡ് ഇല്ലാതെ ഇത് സാധ്യമല്ലാത്തതിനാല്‍ വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ചാണ് പണം പിന്‍വലിച്ചതെന്നാണ് കരുതുന്നത്.
ബെംഗളൂരുവില്‍ സൈബര്‍ സെല്ലിലും പൊലീസ് സൂപ്രണ്ടിനും പരാതി നല്‍കിയിട്ടുണ്ട്. പണം ആല്‍വിന്റെ അക്കൗണ്ടില്‍ ബാങ്ക് നിക്ഷേപിച്ചിട്ടുണ്ട്. എന്നാല്‍ അന്വേഷണ പ്രക്രിയ പൂര്‍ത്തിയാക്കി 3 മാസത്തിനു ശേഷമേ തുക പിന്‍വലിക്കാനാവൂ.
കഴിഞ്ഞ ഫെബ്രുവരി 12ന് പുലാമന്തോള്‍ എസ്ബിഐ ശാഖയിലെ അക്കൗണ്ടില്‍നിന്ന് ചെമ്മല സ്‌കൂളിലെ അധ്യാപികയുടെ അക്കൗണ്ടില്‍നിന്ന് 40,000 രൂപ സമാന രീതിയില്‍ നഷ്ടപ്പെട്ടിരുന്നു. പണം ബാങ്ക് തിരിച്ചു നല്‍കി.
Post Your Comments