ന്യൂഡല്‍ഹി : ലാന്‍ഡിംഗിന്റെ അവസാന നിമിഷത്തില്‍ ചന്ദ്രയാന് എന്ത് സംഭവിച്ചുവെന്ന് ലോകം ആകാംക്ഷയോടെ കേള്‍ക്കാന്‍ കാത്തിരുന്ന ആ ചോദ്യത്തിന് ഉത്തരം നല്‍കി പ്രധാനമന്ത്രിയുടെ ഓഫീസ്. ചന്ദ്രയാന്റെ പരാജയത്തിനു ശേഷം രണ്ട് മാസം കഴിഞ്ഞതിനു ശേഷമാണ് എന്താണ് സംഭവിച്ചതെന്ന സ്ഥിരീകരണവുമായി പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്ത് എത്തിയിരിക്കുന്നത്.
ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിനു തൊട്ടുമുന്‍പ് വേഗതാ നിയന്ത്രണത്തിലുണ്ടായ തകരാറാണ് ചന്ദ്രയാന്‍ 2 പേടകത്തിനു തിരിച്ചടിയായതെന്ന് ഐഎസ്ആര്‍ഒ നേരത്തെ വ്യക്തമാക്കിയിരുന്നു. ലാന്‍ഡിങ് സമയത്തു പേടകത്തിന്റെ വേഗത പ്രതീക്ഷിച്ചതിലും കുറഞ്ഞതാണു തിരിച്ചടിയായത്. തുടര്‍ന്ന് സോഫ്റ്റ് ലാന്‍ഡിങ് സാധിക്കാതെ പേടകം ഇടിച്ചിറങ്ങുകയായിരുന്നുവെന്നും ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ബഹിരാകാശ ഗവേഷണ വകുപ്പിന്റെ ചുമതലയുള്ള പ്രധാനമന്ത്രിയുടെ ഓഫിസിലെ സഹമന്ത്രി ജിതേന്ദ്ര സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. ഇതാദ്യമായാണ് ചന്ദ്രയാന്‍ 2വിന്റെ ഹാര്‍ഡ് ലാന്‍ഡിങ്ങിനെപ്പറ്റി സര്‍ക്കാര്‍ തലത്തില്‍ ഔദ്യോഗിക വിശദീകരണമിറങ്ങിയത്.
ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്നതിന്റെ ആദ്യഘട്ടം വിജയകരമായിരുന്നു. 30 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് 7.4 കിലോമീറ്ററിലേക്കു വേഗത കുറച്ച് ഇറങ്ങുന്നതായിരുന്നു ആ ഘട്ടം. പേടകത്തിന്റെ വേഗത ആ സമയം സെക്കന്‍ഡില്‍ 1683 മീറ്ററില്‍ നിന്ന് സെക്കന്‍ഡില്‍ 146 മീറ്റര്‍ എന്ന നിലയിലേക്കു വിജയകരമായി താഴ്ത്തി.
എന്നാല്‍ രണ്ടാം ഘട്ടത്തില്‍ പ്രതീക്ഷിച്ച വേഗം കൈവരിക്കാന്‍ പേടകത്തിനായില്ല. മാത്രവുമല്ല, പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ വേഗത കൂടുകയും ചെയ്തു. അത് ലാന്‍ഡിങ്ങിനു തൊട്ടു മുന്‍പുള്ള ഫൈന്‍ ബ്രേക്കിങ് ഘട്ടം ആരംഭിക്കുന്നതിനും തടസ്സമായി. അതോടെ നേരത്തേ നിശ്ചയിച്ച ലാന്‍ഡിങ് മേഖലയുടെ 500 മീ. പരിധിയില്‍ ഒരിടത്ത് ചന്ദ്രയാനിലെ വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങുകയായിരുന്നു. പേടകം ഇടിച്ചിറങ്ങിയ പ്രദേശത്തു നിന്നുള്ള വ്യക്തതയുള്ള ചിത്രങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
എന്നാല്‍ പേടകത്തിന്റെ മറ്റു ഘട്ടങ്ങളിലെ സാങ്കേതികതയെല്ലാം മികവോടെ പ്രവര്‍ത്തിച്ചതായി ജിതേന്ദ്ര സിങ് വ്യക്തമാക്കി. പേടകത്തിന്റെ ലോഞ്ചിങ്, ഭ്രമണ പഥം മാറ്റര്‍, ലാന്‍ഡറിന്റെ വിട്ടുമാറല്‍, വേഗത നിയന്ത്രിക്കാനുള്ള ഡീബൂസ്റ്റിങ് തുടങ്ങിയവയെല്ലാം വിജയകരമായിരുന്നു. ഇപ്പോഴും ചന്ദ്രനെ വലംവച്ചു കൊണ്ടിരിക്കുന്ന ഓര്‍ബിറ്ററിലെ എട്ട് ശാസ്ത്രീയ ഉപകരണങ്ങളും വിലപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഏഴു വര്‍ഷമാണ് ഓര്‍ബിറ്ററിന്റെ കാലാവധി.
ഓര്‍ബിറ്ററില്‍ നിന്നുള്ള എല്ലാ ഡേറ്റയും വിശകലനത്തിനു ശാസ്ത്രസമൂഹത്തിനു കൈമാറുന്നുണ്ട്. ഈ ഡേറ്റ ഉപയോഗപ്പെടുത്തുന്ന വിദഗ്ധരുടെ അഖിലേന്ത്യ യോഗം അടുത്തിടെ ഡല്‍ഹിയില്‍ നടന്നു. 2019 ജൂലൈ 22നാണ് ജിഎസ്എല്‍വി എംകെ 3-എം1 റോക്കറ്റിലേറി ശ്രീഹരിക്കോട്ടയില്‍ നിന്ന് ചന്ദ്രയാന്‍ 2 പേടകം പറന്നുയര്‍ന്നത്. ഓഗസ്റ്റ് 20ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു പ്രവേശിച്ചു. സെപ്റ്റംബര്‍ 2ന് ഓര്‍ബിറ്ററില്‍ നിന്ന് ലാന്‍ഡര്‍ വേര്‍പെട്ടു. സെപ്റ്റംബര്‍ 7നു പുലര്‍ച്ചെ 1.55 നായിരുന്നു സോഫ്റ്റ് ലാന്‍ഡിങ് പ്രതീക്ഷിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
ചന്ദ്രയാന്‍ 2 അവസാനനിമിഷം പാളിപ്പോയതിനു കാരണം വിക്രം ലാന്‍ഡറിനു വഴികാട്ടുന്ന സോഫ്റ്റ്വെയറിലെ തകരാറെന്നു ഐഎസ്ആര്‍ഒയുടെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ ഡയറക്ടര്‍ വി. നാരായണന്റെ നേതൃത്വത്തിലുള്ള സമിതിയുടെ വിശകലന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പരീക്ഷണഘട്ടങ്ങളിലൊന്നും ഗൈഡന്‍സ് സോഫ്റ്റ്വെയറിനു തകരാറുണ്ടായിരുന്നില്ല. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഉപരിതലത്തോട് അടുക്കവേയുണ്ടായ അവിചാരിത മാറ്റങ്ങളാണു സോഫ്റ്റ് വെയര്‍ തകരാറിലാക്കിയത്.
Post Your Comments