അശ്രദ്ധമായ ഡ്രൈവിങ്ങ് കാരണം ദിവസവും എത്രയോ ജീവനുകളാണ് നിരത്തുകളില്‍ പൊലിയുന്നത്? അത്തരത്തില്‍ പൊലിഞ്ഞതാണ് ആലപ്പുഴയിലെ ജീവകാരുണ്യപ്രവര്‍ത്തകനും സാമൂഹിക രാഷ്ട്രീയരംഗത്തെ സജീവപ്രവര്‍ത്തകനുമായിരുന്ന നജീബിന്റെ മകള്‍ ഫാത്തിമയുടെ ജീവന്‍. നജീബിന്റെ ഭാര്യയും മകനും ചികിത്സയിലാണ്. എറണാകുളത്തെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുംവഴിയായിരുന്നു അപകടം. സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെയും അധികൃതര്‍ക്കെതിരെയും ഗുരുതര ആരോപണം ഉന്നയിച്ച് നജീബിന്റെ സഹോദരപുത്രന്റെ കുറിപ്പ് പുറത്തുവന്നിട്ടുണ്ട്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഇനിയുമൊരു ഫാത്തിമ നജീബ് മണ്ണേൽ ആവർത്തിക്കാതിരിക്കട്ടെ!!!
പല ഹാഷ് ടാഗുകളും ഇട്ടിട്ടുണ്ടെങ്കിലും എന്റെ പെങ്ങളുടെ പേരിൽ ഇടേണ്ടിവരുമെന്നു ജീവിതത്തിൽ ഒരിക്കലും വിചാരിച്ചിട്ടില്ല. എന്റെ പൊന്നുമോൾ മരിച്ചതല്ല, അവളെ ആ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ, അനിൽ കുമാർ, കൊന്നതാണ്. എന്റെ അനിയൻ അവന്റെ വലതു കൈ നഷ്ടപ്പെട്ടതറിയാതെ, പെങ്ങൾ ഈ ലോകത്തോട് വിട പറഞ്ഞതറിയാതെ, അവസാനമായി അനിയത്തിയുടെ മുഖമൊന്ന് കാണാൻ പോലും കഴിയാതെ ഐ.സി.യു-വിൽ ജീവന് വേണ്ടി മല്ലിടുന്നു.
മകളുടെ പിളർന്ന ശിരസ്സ് കൂട്ടിപ്പിടിച്ച് തന്റെ മടിയിൽ കിടത്തി കരയുന്ന വാപ്പ. മകൾ മരിച്ചത് ഉമ്മായെ അറിയിക്കാതെ ജീവന്റെ തുടിപ്പ് മകനിൽ ബാക്കിയുണ്ടെന്ന് ഉറപ്പ് വരുത്തിയ വാപ്പ റോഡിലൂടെ ചീറി പായുന്ന ഓരോ വാഹനങ്ങൾക്കും മുന്നിൽ ഒരു യാചകനെന്നോളം കൈ നീട്ടി സഹായത്തിനായി അപേക്ഷിക്കുന്നു. കൂടെ കിടന്നുറങ്ങിയ മോൾ മരിച്ചതറിയാതെ നിലവിളിക്കുന്ന ഉമ്മയും.
ഇതൊക്കെ എങ്ങനെ സംഭവിച്ചു??? ഇതിനൊക്കെ ആരാണ് ഉത്തരവാദി???
റോഡില്ലാതെ റോഡ് ടാക്സ് വാങ്ങുന്ന ഏക സംസ്ഥാനം കേരളം മാത്രമാണ്. ഹെൽമെറ്റ് വെക്കാതെ പോകുന്ന ബൈക്കുകാരെ പിടിക്കാൻ ഇവിടെ നിയമമുണ്ട്, നിയമ പാലകരുണ്ട്. പക്ഷെ ഈ കെ.എസ്.ആർ.ടി.സി ബസിനൊരു കടിഞ്ഞാണിടാൻ ഇവിടെ ഒരു നിയമമോ, നിയമ പാലകരോ ഇല്ല.
നങ്യാർകുളങ്ങര അപകടം (11/11/2019) നടന്നതെങ്ങനെ???
എന്റെ അനിയൻ അലി 70kmph മുകളിൽ സ്പീഡിൽ വണ്ടി ഓടിച്ച് ഞാൻ കണ്ടിട്ടില്ല. അന്നത്തെ ദിവസം ഹരിപ്പാട് കഴിഞ്ഞുള്ള ഭാഗത്ത് റോഡ് മോശമായത് കൊണ്ട് അലി 40-50 കിലോമീറ്ററിനു മുകളിൽ സ്പീഡിൽ കേറിയിട്ടില്ല. പതുക്കെ പോയതിന് അവനെ വണ്ടിയിൽ വെച്ച് അവന്റെ വാപ്പ (എന്റെ കൊച്ചാപ്പ) ചോദിച്ചിരുന്നു. അപ്പോൾ അവന്റെ മറുപടി “റോഡ് മോശമല്ലേ വാപ്പിച്ച, നമുക്ക് പതുക്കെ പോകാം, വാപ്പിച്ചാക്ക് വയ്യാതെയും ഇരിക്കുവല്ലേ??? (ഒരു മാസം മുമ്പ് കൊച്ചാപ്പാക്ക് ആഞ്ചിയോപ്ലാസ്റ്റ് ചെയ്തതിന്റെ ചെക്കപ്പിന് പോയി മടങ്ങുന്ന വഴിയാണ് അപകടം). ഇത്രയൊക്കെ സൂക്ഷ്മതയോടെ വന്നിട്ടും ഈ വണ്ടി എങ്ങനെ അപകടത്തിൽ പെട്ടു???
അലിയുടെ കാറിൽ ഇടിച്ച കെ.എസ്.ആർ.ടി.സി ബസ്സ് (KL-15-A-1996) സൂപ്പർ ഡീലക്സ് എയർ ബസ് കണ്ടൈനർ ലോറിയെ അമിത വേഗത്തിൽ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് കാറിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് തന്റെ നേർക്ക് പാഞ്ഞു വരുന്ന ബസ്സിനെ കണ്ട് അലി തന്റെ വാഹനം പരമാവധി റോഡിൽ നിന്നും ഇറക്കിയിട്ടും
കാറിന്റെ ഒരു വശം മുഴുവനായി തകർത്ത് ബസ്സ് വീണ്ടും മുന്നോട്ട് പാഞ്ഞൂ. എന്താണ് സംഭവിച്ചതെന്ന് ബസ്സിലെ യാത്രക്കാർ അറിയുമ്പോഴേക്കും ബസ്സ് റോങ്ങ് സൈഡ് കേറി അര കിലോണീറ്ററോളം പിന്നിട്ടിരുന്നു. തുടർന്നുണ്ടായ ഗതാഗത തടസ്സം മൂലം ബസ്സ് ഹെഡ് ലൈറ്റ് പോലും ഓഫ് ആക്കാതെ ബസ്സ് വഴിയിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. അതിനാൽ ഡ്രൈവർ മദ്യപിച്ചിരുന്നു എന്ന യാത്രക്കാരുടെ വെളിപ്പെടുത്തൽ ഒരു ചോദ്യ ചിഹ്നമായി നിൽക്കുകയാണ്. ദിവസങ്ങൾക്ക് ശേഷം പോലീസ് സ്റ്റേഷനിൽ ഹാജരായ ഡ്രൈവറെ മതിയായ തെളിവുകളില്ലെന്ന സ്ഥിരം പല്ലവി പറഞ്ഞു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ഇവിടെ ആർക്ക് എന്താണ് നഷ്ടം??? ഈ ബസ്സ് ലക്ഷ്യ സ്ഥാനത്തു എത്തുന്നതിന് വേണ്ടിയുള്ള മരണ പാച്ചിലിൽ ലാഭിച്ചേക്കാവുന്ന ഇരുപതോ മുപ്പതോ മിനുട്ടിന് വേണ്ടി ഒരു കുടുംബത്തിന്റെ ഇരുപത് വർഷത്തെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് റോഡിൽ പൊലിഞ്ഞത്.
പ്രതിദിനം കേരളത്തിൽ അങ്ങോളം ഇങ്ങോളം ശരാശരി ഒരാളെങ്കിലും KSRTC ഡ്രൈവരന്മാരുടെ ധാർഷ്ട്യത്തിന്റെ മുന്നിൽ ഇരയാകുന്നു. അഥവാ രക്ഷപ്പെട്ടാൽ വൈകല്യമുള്ള ഒരു ശരീരവുമായി ജീവിതം തള്ളി നീക്കാൻ വിധിക്കപ്പെടുന്നു.
ഇനിയും എത്ര ജീവനുകൾ റോഡിൽ പൊലിഞ്ഞാലാണ് അധികൃതർ കണ്ണ് തുറക്കുക??? കെഎസ്ആർടിസിക്ക് ആര് മൂക്ക് കയറിടും??? കെഎസ്ആര്‍ടിസി ബസ്സുകൾ ഇടിച്ച് മരണ സംഖ്യ എത്ര തന്നെ കൂടിയാലും ചുരുങ്ങിയ കാലത്തേക്കുള്ള സസ്പെൻഷൻ എന്ന പ്രഹസനം എന്നവസാനിക്കും??? സസ്പെൻഷൻ കഴിഞ്ഞാൽ ആ കാലയളവിലെ ശമ്പളം ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നൽകി തിരിച്ചെടുക്കുന്നു. കെഎസ്ആര്‍ടിസി ബസ്സ് ഡ്രൈവറന്മാർക്ക് കൊലയാളികളാകാൻ ഇതിൽ കൂടുതൽ എന്താണ് വേണ്ടത്???
https://www.facebook.com/bijilsmannelz/posts/791778147941238
Post Your Comments