കല്പറ്റ: അച്ഛനമ്മമാര്‍ക്കൊപ്പം തങ്ങളെ മരിയ്ക്കാന്‍ അനുവദിയ്ക്കണമെന്ന ആവശ്യവുമായി രാഷ്ട്രപതിയ്ക്ക് ഇരട്ട സഹോദരങ്ങളുടെ കത്ത്.
തങ്ങളുടെ വല്യച്ഛന്‍ വാങ്ങിയ, എല്ലാ രേഖകളുമുള്ള സ്വന്തം മണ്ണിന് വേണ്ടിയാണ് ഈ കുരുന്നുകള്‍ കുടുംബത്തോടൊപ്പം കളക്ടറേറ്റിനുമുന്നില്‍ സമരപ്പന്തല്‍ കെട്ടിയത്. ഇക്കാര്യത്തില്‍ അവരുടെ കുടുംബം തുടങ്ങിയ സമരവും നിയമയുദ്ധവും നാല്പത്തിമൂന്ന് വര്‍ഷം പിന്നിടുകയാണ്.. അച്ഛന്‍ ജയിംസിനും അമ്മ ട്രീസയ്ക്കുമൊപ്പമാണ് ഇരട്ടസഹോദരങ്ങളായ വിപിനും നിധിനും വയനാട് കളക്ടറേറ്റിന് മുന്നില്‍ സമരം ഇരിയ്ക്കുന്നത്.
വിപിനും നിധിനുമിപ്പോള്‍ 16 വയസ്സായി. എല്ലാ പ്രതീക്ഷയുമറ്റതോടെ വിപിനും നിധിനും കഴിഞ്ഞ ദിവസം രാഷ്ട്രപതിക്ക് കത്തയച്ചു. ഇനി നീതി കിട്ടുമെന്ന പ്രതീക്ഷയില്ലാത്തതിനാല്‍ കുടുംബത്തോടെ മരിക്കാന്‍ തങ്ങളെ അനുവദിക്കണമെന്നാണ് കുട്ടികളുടെ അപേക്ഷ. നീതി നടപ്പാക്കാന്‍ ആരും തയാറാവുന്നില്ലെന്ന് കത്തില്‍ പറയുന്നു. ഇതുവരെയുള്ള കാര്യങ്ങള്‍ പറയാതെ തങ്ങള്‍ മരണത്തിന് കീഴടങ്ങിയാല്‍ സത്യം ഒരിക്കലും പുറത്തുവരില്ലെന്നറിയാവുന്നതിനാല്‍ തങ്ങളുടെ ഭൂമി സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും രാഷ്ട്രപതിക്ക് സമര്‍പ്പിച്ചാണ് ദയാഹര്‍ജി അയച്ചത്.
2015 ഓഗസ്റ്റ് 15-നാണ് കളക്ടറേറ്റിനുമുന്നില്‍ ഭാര്യ ട്രീസയും രണ്ടു കുട്ടികളുമായി ജെയിംസ് സമരം തുടങ്ങിയത്. 1976-ലാണ് വനംവകുപ്പ്, ട്രീസയുടെ പിതാവ് കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ 12 ഏക്കര്‍ ഭൂമി പിടിച്ചെടുക്കുന്നത്. കാഞ്ഞിരപ്പള്ളിയിലെ തമ്പലക്കാടുനിന്ന് 1966-ല്‍ വയനാട്ടിലേക്ക് കുടിയേറിയ ജോര്‍ജും സഹോദരന്‍ ജോസും കുട്ടനാടന്‍ കാര്‍ഡമം കമ്പനിയുടെ കൈയില്‍ നിന്നാണ് തൊണ്ടര്‍നാട് വില്ലേജില്‍ 12 ഏക്കര്‍ സ്ഥലം വാങ്ങിയത്. നികുതി സ്വീകരിക്കുന്ന രേഖകളുമായി ജോര്‍ജ് സര്‍ക്കാരോഫീസുകളും കോടതികളും കയറിയിറങ്ങി. എന്നാല്‍ കുടുംബത്തിന് അനുകൂലമായ തീരുമാനം ഒരിടത്തു നന്നും ഇവര്‍ക്ക് കിട്ടയില്ല.
ജോര്‍ജിന്റെ മരണ ശേഷം ജോര്‍ജ് കൈമാറിയ രേഖകളുമായി മരുമകന്‍ ജയിംസ് നിയമപോരാട്ടം തുടരുകയാണ്. ഇതോടെയാണ് ഭൂമി തങ്ങളുടേതാണെന്ന തെളിവ് സഹിതം കുട്ടികള്‍ രാഷ്ട്രപതിയ്ക്ക് കത്തെഴുതിയത്
Post Your Comments