തിരുവനന്തപുരം : കരമന കൂടത്തില്‍ കുടുംബത്തിലെ ജയമാധവന്‍ നായരുടെ(63) മരണം സ്വഭാവികമല്ല, അത് കൊലപാതകമാണെന്ന് ഏകദേശ സ്ഥിരീകരണം. മരണവുമായി ബന്ധപ്പെട്ട് കള്ള സാക്ഷിയെ സൃഷ്ടിക്കാന്‍ ഗൂഢാലോചന നടന്നതായി പൊലീസ് കണ്ടെത്തി. കട്ടിലില്‍നിന്നു വീണു കിടന്ന ജയമാധവന്‍ നായരെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി എന്നു പൊലീസിനോടു പറയാന്‍ മുന്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കു പ്രതികളില്‍ ചിലര്‍ 5 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു..
സംഭവം നടക്കുമ്പോള്‍ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ഇയാള്‍ ഇപ്പോഴൊരു സര്‍ക്കാര്‍ സ്ഥാപനത്തിലെ താല്‍ക്കാലിക ജീവനക്കാരനാണ്. കാര്യസ്ഥനായിരുന്ന സഹദേവന്റെ ബന്ധുവാണ് വ്യാജമൊഴി നല്‍കാന്‍ പ്രേരിപ്പിച്ചത്. ഇരുവരും സുഹൃത്തുക്കളാണ്. വ്യാജമൊഴി നല്‍കിയാല്‍ പണം നല്‍കാമെന്നു വാഗ്ദാനമുണ്ടായിരുന്നതായി മുന്‍ ഓട്ടോ ഡ്രൈവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
പ്രതികളില്‍ ചിലര്‍ പറഞ്ഞു പഠിപ്പിച്ച കാര്യങ്ങളെല്ലാം വിവരിച്ചെങ്കിലും മൊഴിയിലെ പൊരുത്തക്കേടുകള്‍ അന്വേഷണസംഘം ചൂണ്ടിക്കാട്ടിയതോടെ പണം വാഗ്ദാനം ചെയ്ത കാര്യം സമ്മതിക്കുകയായിരുന്നു. ജയമാധവന്‍ നായരെ ഓട്ടോറിക്ഷയില്‍ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയെന്നാണ് കാര്യസ്ഥന്‍ രവീന്ദ്രന്‍നായരുടേയും വീട്ടുജോലിക്കാരിയായിരുന്ന ലീലയുടെയും മൊഴി. ഇരുവരുടേയും മൊഴികളിലെ വൈരുധ്യത്തെത്തുടര്‍ന്നാണ് ഓട്ടോറിക്ഷ ഡ്രൈവറെ കരമന പൊലീസ് വീണ്ടും ചോദ്യം ചെയ്തത്.
2017 ഏപ്രില്‍ 2നു കൂടത്തില്‍ തറവാട്ടിലെത്തിയപ്പോള്‍ കട്ടിലില്‍നിന്നു വീണുകിടക്കുന്ന ജയമാധവന്‍ നായരെ കാണുകയും ലീലയെ ഒപ്പം കൂട്ടി ഓട്ടോറിക്ഷയില്‍ മെഡിക്കല്‍ കോളജിലെത്തിച്ചെന്നുമാണ് രവീന്ദ്രന്‍ നായരുടെ മൊഴി. ജയമാധവന്‍ നായര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഇരുവരും കരമന സ്റ്റേഷനിലെത്തി.
കൂടത്തില്‍ കുടുംബത്തിലെ ഏഴുപേരാണ് നിശ്ചിത ഇടവേളകളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. അവസാനം മരിച്ച ജയമാധവന്‍ നായരുടെ മരണം കൊലപാതകമാണെന്ന സംശയത്തിലാണു പൊലീസ്. തലയിലെ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
Post Your Comments