ദുബായ് : ഇന്ന് രാവിലെ മുതൽ യുഎഇയിലെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഗൾഫിലെ കിഴക്കു പടിഞ്ഞാറൻ മേഖലയിൽ മഴമേഘങ്ങൾ രൂപം കൊള്ളുന്നതായി റിപ്പോർട്ടുണ്ട്. 3 മില്ലീ മീറ്റർ മുതൽ 10 മില്ലീമീറ്റർ വരെ മഴ പെയ്തേക്കാമെന്നും . താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ മുതൽ ഞായർ വരെ രാജ്യത്ത് അസ്ഥിര കാലാവസ്ഥ ആയിരിക്കും. ചിലയിടങ്ങളിൽ മഴ പെയ്‌തേക്കാം. വടക്കൻ എമിറേറ്റുകളിലെ പർവതമേഖലകളിൽ ദിവസങ്ങളായി മഴ പെയ്യുന്നുണ്ട്. യുഎഇയിൽ പൊതുവെ തണുത്തകാലാവസ്ഥയാണ്. തീരപ്രദേശത്ത് മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യത.
അതേസമയം കനത്ത മഴയ്ക്ക് സാധ്യതയെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് യുഎഇയിലെ എല്ലാ സ്കൂളുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. ഇന്നു നടക്കാനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. വരും ദിവസങ്ങളിലെ പരീക്ഷകൾക്കു മാറ്റമുണ്ടാകില്ലെന്നും സ്കൂൾ പ്രിൻസിപ്പൽമാർ അറിയിപ്പ് നൽകി. മാറ്റിവച്ച പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും.
Post Your Comments