KeralaLatest NewsNews

പദ്ധതി നടത്തിപ്പിന് കീശയിൽ കാശില്ല; അഞ്ചുകോടിക്ക് ബസ്‌സ്റ്റാന്‍ഡ് പണയംവെക്കാനൊരുങ്ങി നഗരസഭ

മലപ്പുറം: വിവിധ പദ്ധതികൾ നടപ്പിലാക്കാൻ പണമില്ലാത്തതിനാൽ അഞ്ചുകോടിക്ക് ബസ്‌സ്റ്റാന്‍ഡ് പണയംവെക്കാനൊരുങ്ങി മലപ്പുറം നഗരസഭ. മലപ്പുറം സര്‍വീസ് സഹകരണബാങ്കിലാണ് പണയംവെക്കുക. പി.എം.എ.വൈ.-ലൈഫ് ഭവനപദ്ധതിയില്‍ നഗരസഭയുടെ വിഹിതത്തിന്‌ പണം കണ്ടെത്താനാണ് ഈ നീക്കം. നഗരസഭാ കൗണ്‍സില്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബസ്‌സ്റ്റാന്‍ഡ് പണയംവെക്കാന്‍ തീരുമാനിച്ചത്. കുറഞ്ഞ പലിശയായതിനാലാണ് മലപ്പുറം സര്‍വീസ് സഹകരണബാങ്കിനു നല്‍കുന്നത്. 332 കുടുംബങ്ങളുടെ വീടെന്ന സ്വപ്‌നം പൂവണിയാന്‍ നഗരസഭയ്ക്കു മുന്‍പില്‍ ഇതുമാത്രമായിരുന്നു മാര്‍ഗം.

പി.എം.എ.വൈ.-ലൈഫ് ഭവനപദ്ധതിയുടെ 50 ശതമാനം നഗരസഭയും ബാക്കി 50 ശതമാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും വഹിക്കണമെന്നാണ് പുതിയ തീരുമാനം. 332 വീടുകളുടെ അപേക്ഷ നഗരസഭയ്ക്കുമുന്‍പിലുണ്ട്. ഇതിനായി 4.98 കോടി ചെലവഴിക്കണം. ഇത്രയും വലിയ തുക തനതു ഫണ്ടിലില്ലാത്തതുകൊണ്ടാണ് പണയം വെക്കാനുള്ള തീരുമാനമെന്ന് അധികൃതര്‍ പറയുന്നു.

ALSO READ: എതിര്‍പ്പുയരുന്നു എന്നതുകൊണ്ട് മാത്രം ഒരു പദ്ധതിയും ഇടതു സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

75 കോടിയിലധികം മൂല്യമുണ്ട് സ്റ്റാന്‍ഡിന്. 20 വര്‍ഷം കാലാവധിയുള്ള വായ്പയ്ക്ക് അഞ്ചുകോടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വായ്പ അടവിനായി പദ്ധതിവിഹിതത്തില്‍ പണം കുറയ്ക്കും. മലപ്പുറം കോട്ടപ്പടി മാര്‍ക്കറ്റ് നവീകരിച്ചതിനുശേഷം ലഭിക്കുന്ന കടകളുടെ മുന്‍കൂര്‍ തുകയും ബാങ്ക് അടവിലേക്ക് നല്‍കും. അതേസമയം, മുസ്‌ലിംലീഗ് ഭരിക്കുന്ന നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്റ്റാന്‍ഡ് മുസ്‌ലിംലീഗിന്റെതന്നെ നിയന്ത്രണത്തിലുള്ള സഹകരണബാങ്കിന് പണയപ്പെടുത്തുന്നതില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച്‌ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button