കൊച്ചി: വിവാഹിതരും വിവാഹ മോചിതരുമായ സ്ത്രീകള്‍ നീതി തേടി ഗതികെട്ട് അലയുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് കോടതികളാണെന്ന് ഹൈക്കോടതി. ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ലഭിക്കാന്‍ 10 വര്‍ഷം മുൻപ് നല്‍കിയ ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ കുടുംബക്കോടതിയോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് വടുതല സ്വദേശിനി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സിംഗിള്‍ബെഞ്ച് ഇക്കാര്യം പറഞ്ഞത്. വിദേശത്ത് ജോലിയുള്ള യുവതിയുടെ ഭർത്താവ് ഒരു ഇറാനിയന്‍ യുവതിയുമായും പിന്നീട് ഫിലിപ്പൈന്‍ യുവതിയുമായും വിവാഹേതര ബന്ധം പുലര്‍ത്തിയിരുന്നതായി ഭാര്യ കണ്ടെത്തി. ഇതോടെ ജീവനാംശം ലഭിക്കണമെന്നും അടിയന്തര സഹായമായി 25 ലക്ഷം രൂപ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് 2009ല്‍ എറണാകുളം കുടുംബക്കോടതിയെ ഇവർ സമീപിച്ചിരുന്നു.
പരാതിക്കാരിയുടെയും മകന്റെയും ചെലവ് വഹിക്കാമെന്ന് ഭര്‍ത്താവ് ഉറപ്പു നല്‍കിയതോടെ കേസ് തുടര്‍ന്നില്ല.എന്നാല്‍ ഭര്‍ത്താവ് വാഗ്ദാനം പാലിക്കാതിരുന്നതോടെ വീണ്ടും കുടുംബക്കോടതിയെ സമീപിച്ചപ്പോഴാണ് പഴയ ഹർജി തള്ളിയതായി കണ്ടെത്തിയത്. വീണ്ടും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, പഴയ കേസുകള്‍ ഹര്‍ജിക്കാര്‍ക്ക് ആവശ്യം വരുമ്പോള്‍ എടുത്തുപയോഗിക്കാനായി സൂക്ഷിച്ചു വയ്ക്കാനുള്ള ഫ്രീസറുകളല്ല കോടതികളെന്ന് കുടുംബക്കോടതി വ്യക്തമാക്കുകയും ആവശ്യം നിരസിക്കുകയും ചെയ്‌തു. ഇതിനെതിരെയാണ് ഹര്‍ജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.
Post Your Comments