KeralaLatest NewsNews

ശബരിമല തീർത്ഥാടനം: ചെറിയ വാഹനങ്ങൾ പമ്പയിലേക്ക് കടത്തി വിടുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടുമെന്ന് ദേവസ്വം മന്ത്രി

ശബരിമല: ശബരിമല തീര്‍ഥാടന കാലത്ത് ഡ്രൈവര്‍മാരുള്ള ചെറിയ വാഹനങ്ങൾ പമ്പയിലേക്ക് കടത്തി വിടുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മാസ പൂജ കാലത്ത് ഡ്രൈവര്‍മാരുള്ള ചെറിയ വാഹനങ്ങള്‍ പമ്പയില്‍ എത്തി ആളെ ഇറക്കി മടങ്ങാന്‍ അനുവദിച്ചിരുന്നു. ഹൈക്കോടതിയുടെ അനുമതിയോടെയാണ് ഇങ്ങനെ ചെയ്തത്. ഇത് തുടരാന്‍ അനുമതി തേടുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. 11,000 വാഹനങ്ങൾ നിലയ്ക്കലിൽ പാർക്ക് ചെയ്യുന്നതിനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്. പൊലീസ്, ഗതാഗത വകുപ്പുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ശുചീകരണത്തിനായി 900 വിശുദ്ധി സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ശബരിമല തീർഥാടന ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനതതില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീര്‍ഥാടന കാലം കുറ്റമറ്റതരത്തില്‍ നടത്തുന്നതിന് ആവശ്യമായ എല്ലാ തയാറെടുപ്പും പൂര്‍ത്തിയായി. എല്ലാ ആശങ്കകളും ഒഴിഞ്ഞുള്ള മണ്ഡലകാലത്തിനാണ് തുടക്കമായിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ പ്രായമായവര്‍ക്കും അംഗപരിമിതര്‍ക്കുമായി പ്രത്യേക ബസ് സര്‍വീസ് നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ചെയിന്‍ സര്‍വീസ് ബസുകളില്‍ ടിക്കറ്റ് നല്‍കുന്നതിന് കണ്ടക്ടര്‍മാരെ നിയോഗിക്കും. തിരക്ക് നിയന്ത്രിക്കുന്നതിന് ബസില്‍ കയറുന്നതിന് ക്യു സംവിധാനം നടപ്പാക്കും.

ALSO READ: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതാകണം പാര്‍ട്ടി നയമെന്ന് സീതാറാം യെച്ചൂരി

33,000 പേര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്നതിന് ദേവസ്വം ബോര്‍ഡ് അന്നദാന മണ്ഡപത്തില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമേ അയ്യപ്പ സേവാ സംഘവും അയ്യപ്പ സേവാ സമാജവും സൗജന്യമായി ഭക്ഷണം നല്‍കുന്നുണ്ട്. തീര്‍ഥാടനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുന്നതിന് ശബരിമല എ ഡി എം എന്‍എസ്‌കെ ഉമേഷിന്റെ നേതൃത്വത്തില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ പ്രവര്‍ത്തിപ്പിക്കും മന്ത്രി പറഞ്ഞു. എംഎല്‍എമാരായ രാജു ഏബ്രഹാം, കെ യു ജനീഷ് കുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു, ബോർഡ് അംഗങ്ങളായ അഡ്വ. എന്‍. വിജയകുമാര്‍, കെ എസ് രവി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button