ചെന്നൈ: സ്വര്‍ണത്തില്‍ മായം ചേര്‍ത്തെന്ന് ആരോപിച്ച് മാധ്യപ്രവര്‍ത്തകര്‍ ചമഞ്ഞെത്തി നഗരത്തിലെ ജ്വല്ലറിയില്‍ നിന്ന് പണം തട്ടിയ സംഘം അറസ്റ്റില്‍.ചെന്നൈ ടി നഗറിലെ ഉസ്‌മാന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ശരവണ സ്റ്റോഴ്‌സ് എലീറ്റ് ജ്വല്ലറിയില്‍ കട ഉടമ ശിവ അരുള്‍ദുരൈയെ ഭീഷണിപ്പെടുത്തിയാണ് ഒൻപതംഗ സംഘം തട്ടിപ്പ് നടത്തിയത്. തിരുനല്‍വേലി സ്വദേശിയായ ധനശേഖര്‍ എന്ന വ്യക്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കവര്‍ച്ച നടത്തിയത്.
മായം ചേര്‍ന്ന സ്വര്‍ണം കൊണ്ട് മാല ഉണ്ടാക്കി നല്‍കിയെന്ന് ആരോപിച്ചാണ് ധനശേഖറും സംഘവും പണം തട്ടിയെടുത്തത്. ഇത് സംബന്ധിച്ച് ജ്വല്ലറിക്കെതിരെ വാര്‍ത്ത നല്‍കുമെന്ന് പറഞ്ഞാണ് ധനശേഖര്‍ ഉടമയെ ഭീഷണിപ്പെടുത്തിയത്. ലക്ഷങ്ങൾ കൊടുത്തിട്ടും വീണ്ടും ഒരു കോടി രൂപ ആവശ്യപ്പെട്ടതോടെയാണ് ജ്വല്ലറി ഉടമ സംഘത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ആദ്യം കടയിലെത്തിയ ധനശേഖര്‍ സ്വര്‍ണനാണയങ്ങള്‍ നല്‍കി സ്വര്‍ണമാല വാങ്ങി.
കടയില്‍ നിന്ന് വാങ്ങിയ മാലയിലെ സ്വര്‍ണത്തില്‍ മായം ചേര്‍ന്നിട്ടുണ്ടെന്ന് പറഞ്ഞ് ധനശേഖര്‍ ബഹളമുണ്ടാക്കി.മായം ചേര്‍ന്ന സ്വര്‍ണം ഉപയോഗിച്ചാണ് അവിടെ മാല നിര്‍മിക്കുന്നതെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കുമെന്ന് ധനശേഖറും ഒപ്പമെത്തിയവരും ശിവ അരുള്‍ദുരൈയോട് പറഞ്ഞു. ഒരു കോടി രൂപ നല്‍കിയാല്‍ വാര്‍ത്ത കൊടുക്കില്ലെന്നും ധനശേഖര്‍ ജ്വല്ലറി ഉടമയോട് പറഞ്ഞു. ധനശേഖറിന്റെ നേതൃത്വത്തിലുള്ള സംഘം നഷ്ടപരിഹാരമായി 15 ലക്ഷം രൂപ വാങ്ങി. ഇതിനു ശേഷം ഒരുകോടി ആവശ്യപ്പെട്ടതോടെ ഇവർ പോലീസിനെ സമീപിക്കുകയായിരുന്നു.
Post Your Comments