തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ തട്ടിപ്പ് നടത്തി വിജയിച്ച വിദ്യാര്‍ത്ഥികളുടെ കണക്ക് പുറത്ത്. പി എസ് സിയിലെ മാർക്ക് ദാന വിവാദത്തിനു പുറമേ കേരള സര്‍വകലാശാലയില്‍ രേഖകള്‍ തിരുത്തി നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ജയിച്ചത്. 16 പരീക്ഷകളിലെ മാര്‍ക്ക് തിരുത്തി അധിക മോഡറേഷന്‍ നല്‍കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. രണ്ട് പരീക്ഷകളില്‍ മാര്‍ക്ക് തിരുത്തിയതുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന എ.ആര്‍.രേണുകയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഇതിനു പുറമേയാണ് വൻ തട്ടിപ്പുകൾ പുറത്ത് വരുന്നത്. സര്‍വകലാശയില്‍ നിന്ന് തന്നെയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ചട്ടപ്രകാരം സര്‍വകലാശാല നല്‍കുന്ന മോഡറേഷന് പുറമേയാണ് അധിക മാര്‍ക്ക് നല്‍കുന്നത്.
പരീക്ഷാ വിഭാഗത്തിൽനിന്നു കഴിഞ്ഞ വർഷം സ്ഥലം മാറിപ്പോയ വനിതാ ഡപ്യൂട്ടി റജിസ്ട്രാർ എ.ആര്‍.രേണുകയുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ചായിരുന്നു കൃത്രിമം. ഇവരെ സസ്പെൻഡ് ചെയ്തു സംഭവം ഒതുക്കാനുള്ള ശ്രമത്തിലാണു സർവകലാശാല. പരീക്ഷാ വിഭാഗത്തിലെത്തന്നെ ചില ജീവനക്കാരാണു കൃത്രിമം കാട്ടിയതെന്നാണു സൂചന. ബിഎ, ബികോം, ബിബിഎ, ബിസിഎ ഫലങ്ങളിലും എൽഎൽബി, ബിടെക് പുനർമൂല്യനിർണയത്തിലും കൃത്രിമം നടന്നതായി കണ്ടെത്തി.
ALSO READ: ആര്‍.എല്‍.വി കോളേജില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനം
ഉദ്യോഗസ്ഥരുടെ പാസ്‌വേഡ് ഉപയോഗിച്ച് കമ്പ്യൂട്ടറില്‍ കയറിയാണ് അധിക മോഡറേഷന്‍ നല്‍കിയത്. 16 പരീക്ഷകളിലായി 76 മാർക്ക് മോഡറേഷൻ നൽകാനായിരുന്നു പാസ്ബോർഡിന്റെ ശുപാർശ. ഇതുപ്രകാരം ഫലവും പ്രസിദ്ധീകരിച്ചു. പിന്നീടാണ് മോഡറേഷൻ 132 മാർക്ക് എന്നു തിരുത്തിയത്. അതനുസരിച്ച് എല്ലാ പരീക്ഷകളുടെയും മാർക്കുകൾ മാറ്റി. 2016 ൽ ഒന്നാം സെമസ്റ്റർ തോറ്റ മിക്കവരും ഈ തിരിമറിയിലൂടെ ജയിച്ചു കയറി. തോറ്റ ചിലർ തിരിമറിയെക്കുറിച്ചറിയാതെ വീണ്ടും പരീക്ഷയെഴുതാൻ അപേക്ഷിച്ചപ്പോൾ ഇവർ ജയിച്ചതായി ചൂണ്ടിക്കാട്ടി സർവകലാശാല അപേക്ഷ നിരസിച്ചു.
Post Your Comments