ന്യൂ ഡൽഹി : മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനത്തിൽ യോജിപ്പുണ്ടെന്നു വ്യക്തമാക്കി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. സുപ്രീംകോടതിയെ ഇക്കാര്യം അറിയിക്കുമെന്നും, സൗകര്യക്കുറവുള്ള ചില പള്ളികളിൽ മാത്രമാണ് ഇപ്പോൾ തടസ്സമുള്ളതെന്നും മുസ്ലീം വ്യക്തിനിയമബോര്‍ഡ് അംഗം കമാല്‍ ഫറൂഖി പ്രമുഖ മലയാളം ചാനലിനോട് പറഞ്ഞു. ശബരിമല യുവതീപ്രവേശന കേസിനൊപ്പം മുസ്ലീം പള്ളികളിലെ സ്ത്രീപ്രവേശന കേസും സുപ്രീംകോടതിയുടെ വിശാലബെഞ്ചിനു വിട്ടിരുന്നു. ഇതിനെ തുടർന്നാണ് പ്രതികരണം.
കേസ് വിശാലബെഞ്ചിന് വിടാനുള്ള സുപ്രീംകോടതി തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. മതസ്വാതന്ത്ര്യം, മതകാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം, മതകാര്യങ്ങളിലെ ലിംഗസമത്വം തുടങ്ങിയ ആഴവും വ്യാപ്തിയുമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാനാണ് കേസുകള്‍ വിശാലബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ടതെന്ന് മനസിലാക്കുന്നു. ഒരു മതേതര രാജ്യത്തെ മതപരമായ കാര്യങ്ങളില്‍ ചില പൊതുധാരണകളും നിയമങ്ങളും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
Also read : ശബരിമലയില്‍ ഇപ്പോള്‍ യുവതി പ്രവേശനം വേണോ? ജസ്റ്റിസ് കെ ടി തോമസിന്റെ പ്രതികരണം
സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കുന്നത് മുസ്ലീം ജമാ അത്ത് വിലക്കുന്നു എന്നത് തെറ്റിദ്ധാരണയാണ്. എല്ലാ പള്ളികളിലും സ്ത്രീകള്‍ക്കായുള്ള സൗകര്യങ്ങളോ സുരക്ഷയോ ഇല്ലാത്തതിനാൽ എല്ലാ പള്ളികളിലും സ്ത്രീകള്‍ക്ക് പ്രവേശനം ഉറപ്പാക്കാന്‍ സമയം ആവശ്യമാണ്. പൂനെയിൽ നിന്നുമാണ് ഇപ്പോള്‍ ഇതില്‍ കേസ് വന്നിരിക്കുന്നത്. തെറ്റിദ്ധരാണ മൂലമുണ്ടായ കേസ് ആണിത്. തെറ്റിദ്ധാരണ മാറ്റി കേസ് പിന്‍വലിപ്പിക്കാന്‍ ശ്രമിക്കും. കേരളത്തിലെ പല പള്ളികളും മുസ്ലീം സ്ത്രീകള്‍ പ്രവേശിക്കുന്നു ണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments