കോട്ടയം• വിശാല ബെഞ്ചിന്റെ തീരുമാനം വരുന്നതു വരെ ശബരിമലയിലേക്ക് യുവതികളെ പ്രവേശിപ്പിക്കാതിരിക്കുന്നതാണ് ഭംഗിയെന്ന് വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ ടി തോമസ്. സുപ്രീംകോടതി ശബരിമല യുവതീ പ്രവേശനവിധിയുടെ പുനഃപരിശോധനാ ഹര്‍ജികള്‍ സ്വീകരിച്ചത് അസാധാരണമാമാണ്. വിശദമായ പരിശോധന ആവശ്യമായതിനാലാണ് വിശാല ബെഞ്ചിലേക്ക് വിഷയം കൈമാറിയതെന്നും അദ്ദേഹം ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് പറഞ്ഞു.
പുനഃപരിശോധനാ ഹര്‍ജികള്‍ സാധാരണ ഗതിയില്‍ തള്ളാറാണ് പതിവെന്നും അഞ്ചംഗബെഞ്ചിന്റെ വിധിയോട് വിയോജിപ്പുള്ളവര്‍ ഉള്ളതു കൊണ്ടാണ് ഏഴംഗബെഞ്ചിന് വിട്ടതെന്നും അതിനാല്‍ തീരുമാനമായതായി കണക്കാക്കാനാവില്ലെന്നും ജസ്റ്റിസ് കെ ടി തോമസ് പറഞ്ഞു.
യുവതീപ്രവേശനവിധിയില്‍ നിലവില്‍ സ്റ്റേയില്ലെന്നും എന്നാല്‍ പുനഃപരിശോധനാഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയ്ക്കിരിക്കുന്നതിനാല്‍ യുവതീപ്രവേശനം അനുവദിക്കാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അതേസമയം, ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് സര്‍ക്കാറിന് ലഭിച്ച നിയമോപദേശം. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്തയാണ് നിയമോപദേശം നല്‍കിയത്. ഏഴംഗ ബെഞ്ച് ഭരണഘടനാപ്രശ്നങ്ങള്‍ തീര്‍പ്പ് കല്‍പിക്കുംവരെ നിലപാട് തുടരണമെന്നും സര്‍ക്കാറിന് നിയമോപദേശത്തില്‍ പറയുന്നു.
പുന:പരിശോധനാ ഹരജി സംബന്ധിച്ച സുപ്രീംകോടതി ഭരണഘടനാബഞ്ചിന്‍റെ വിധിയില്‍ നിരവധി അവ്യക്തതകള്‍ ഉണ്ടെന്നായിരുന്നു സര്‍ക്കാര്‍ വിലയിരുത്തല്‍. ഇതേതുടര്‍ന്നാണ് വിധിയില്‍ വ്യക്തത ആവശ്യപ്പെട്ട് സര്‍ക്കാര്‍ നിയമോപദേശം തേടിയത്.
Post Your Comments